രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി

ജയ്പുർ : രാജസ്ഥാനിലെ ഭരത്പുരിൽ ബിജെപി മുൻ എംഎൽഎയെ രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും ബിജെപി നേതാവിന്റെ കൊലപാതകത്തിലും കലാശിച്ചത്.

മേഖലയിലെ മേച്ചിൽപ്പുറങ്ങൾ കയ്യേറി നിയമവിരുദ്ധമായി എംഎൽഎ അതർ സിങ് ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. ഭാര്യയുടെ പേരിലായിരുന്നു അതർ സിങ് ബിസിനസ് നടത്തിയിരുന്നത്. ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ക്രഷർ യൂണിറ്റിനെതിരെ പ്രതിഷേധത്തിലായിരുന്നു. ക്രഷർ യൂണിറ്റിലേക്ക് ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രക്ഷോഭം നടത്തിയിരുന്നതെന്ന് പോലീസ് നല്‍കുന്ന വിവരം.

ക്രഷർ യൂണിറ്റിനെതിരെ പ്രദേശത്തെ ജനം ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുൻ ബിജെപി എംഎൽഎക്കെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *