വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ബാല്യകാല ലൈംഗിക പീഡന ആരോപണങ്ങളും വർഷങ്ങൾക്ക് ശേഷമുള്ള ഭീഷണിപ്പെടുത്തലുകളും ഉന്നയിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു.താൻ സൈക്കോളജിസ്റ്റായ ഡോ. ലാറിസ പോർട്ട്നോഫ് ആണെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ, ട്രംപിനോട് നേരിട്ട് സംസാരിക്കുന്ന രീതിയിൽ വീഡിയോയിൽ പറയുന്നു; "നിങ്ങൾ ഒരുപാട് കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ട്. നിങ്ങൾ വ്യക്തമായും ഒരു പീഡോഫിൽ ആണ്, അതിലുപരി അപകടകാരിയുമാണ്".
2026 നവംബർ 3-ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ വീഡിയോ പുറത്തുവന്നത്. ന്യൂയോർക്കിലെ സൈക്കോളജിസ്റ്റായ ഡോ. ലാറിസ പോർട്ട്നോഫ്, എട്ടാം വയസ്സിൽ തുടങ്ങിയ ലൈംഗിക അതിക്രമത്തെക്കുറിച്ചും ദശാബ്ദങ്ങൾക്ക് ശേഷം തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ചും വ്യക്തമാക്കുന്നു.
അവകാശവാദങ്ങൾ പ്രകാരം, തനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് പീഡനം ആരംഭിച്ചതെന്നും 10 വയസ്സിൽ അത് കൂടുതൽ രൂക്ഷമായെന്നും 12 വയസ്സ് വരെ തുടർന്നെന്നും ലാറിസ വീഡിയോയിൽ പറയുന്നു. 16, 17 വയസ്സുള്ളപ്പോഴും ട്രംപ് തന്നെ ലക്ഷ്യമിട്ടിരുന്നെന്നും, മുതിർന്ന ശേഷവും ട്രംപിൽ നിന്നും അദ്ദേഹത്തിന്റെ അടുത്ത ആളുകളിൽ നിന്നും അപമര്യാദയായ പെരുമാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപിന്റെ രാഷ്ട്രീയ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആരോ തങ്ങളുമായി ബന്ധപ്പെട്ടതായി വീഡിയോയിൽ പറയുന്നു. 2025 സെപ്റ്റംബർ 11-ന് ന്യൂയോർക്ക് യാങ്കീസ് ഗെയിമിലേക്ക് ക്ഷണിച്ചതും, തുടർന്ന് വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ സ്വകാര്യ കൂടിക്കാഴ്ച നിർദ്ദേശിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ വെളിപ്പെടുത്തി. തന്റെ വീടിന്റെ വിലാസം കണ്ടെത്തുകയും "ജെയ്ൻ ഡോ" എന്ന് രേഖപ്പെടുത്തിയ സീൽ ചെയ്ത രേഖകൾ ആരോ ചോർത്തിയതായും അവർ ആരോപിച്ചു.
മുമ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കി വച്ചിരുന്നെങ്കിലും, തനിക്ക് സംഭവിച്ച കാര്യങ്ങൾ സുഹൃത്തുക്കളും ചുറ്റുമുള്ളവരും മനസ്സിലാക്കാൻ വേണ്ടിയാണ് ആരോപണങ്ങൾ പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. ഇത് സംഘടിത കുറ്റകൃത്യമാണെന്നും ഇതിനെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള രാഷ്ട്രീയ തർക്കമാക്കി ചുരുക്കരുതെന്നും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. വീഡിയോയുടെ അവസാനം ട്രംപിനോടായി അവർ പറഞ്ഞു; "എന്ന ഭീഷണിപ്പെടുത്താമെന്നാണ് കരുതുന്നതെങ്കിൽ ഡൊണാൾഡ് ട്രംപ്, അത് നടക്കാൻ പോകുന്നില്ല".
വീഡിയോയുടെ ആധികാരികതയെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് പക്ഷേ ഡോ. ലാറിസ ഉടനടി പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ ആരോപണങ്ങൾക്ക് സ്ഥിരീകരണമുണ്ടായിട്ടില്ല.