ന്യൂഡൽഹി: കാര്യക്ഷമത മെച്ചപ്പെടുത്താനായി ജീവനക്കാരനെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അത് ശിക്ഷാനടപടിയല്ലെന്നും സുപ്രീംകോടതി. സർവീസ് നിയമങ്ങൾ സർക്കാരിന് അതിനുള്ള വിശാല അധികാരങ്ങൾ നൽകുന്നുണ്ട്. ഛത്തീസ്ഗഢ് സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ലീഗൽ മെട്രോളജി വകുപ്പിലെ രണ്ട് ക്ലർക്കുമാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു നിരീക്ഷണം.
നിർബന്ധിത വിരമിക്കൽ ശിക്ഷയോ കുറ്റപ്പെടുത്തലോ അല്ല. ജീവനക്കാരൻ സർവീസിൽ തുടരുന്നത് അനുയോജ്യമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ്. നടപടിക്ക് വിധേയരാകാത്ത മറ്റു ജീവനക്കാർക്കുവേണ്ടി അതിനെ ചോദ്യം ചെയ്യാനാകില്ലെന്നും ജസ്റ്റിസുമാരായ മൻമോഹൻ, ചന്ദ്രശേഖർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. ശിക്ഷ നടപ്പാക്കും മുമ്പ് ഓരോ വ്യക്തിയെയും കേൾക്കണമെന്ന ഭരണഘടനാവകുപ്പ് ഇത്തരം കേസുകൾക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാരുടെ പ്രകടനം, കാര്യക്ഷമത, മറ്റ് രേഖകൾ എന്നിവയുടെ ദ്വിതല പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ഛത്തീസ്ഗഢ് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രജത് നായരുടെ വാദം കോടതി പരിഗണിച്ചു. 2017ൽ ഛത്തീസ്ഗഢ് സർക്കാരിന്റെ സ്ക്രീനിംഗ് കമ്മിറ്റി പ്രകടനം വിലയിരുത്തി അഞ്ച് ജീവനക്കാരെയാണ് നിർബന്ധിത വിരമിക്കലിന് ശുപാർശ ചെയ്തത്. നടപടിക്കെതിരെ ഇതിൽ രണ്ടുപേർ നൽകിയ ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളി. തുടർന്ന് ഇവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.