കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് ഭീഷണി സന്ദേശം കണ്ടെത്തി; ഐസൊലേഷൻ ബേയിലേക്ക് മാറ്റി

കൊൽക്കത്ത: കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിലെ ശൗചാലയത്തിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി സന്ദേശം കണ്ടെത്തി. തുടർന്ന് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (എസ്‌ഒ‌പി) പാലിച്ചുകൊണ്ട്, വിമാനം കൊൽക്കത്ത വിമാനത്താവളത്തിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ ബേയിലേക്ക് മാറ്റി. വിമാനത്തിൽ കയറിയ എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും വിമാനത്തിനുള്ളിൽ വിശദമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് മുംബൈയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ ശൗചാലയത്തിൽ നിന്നാണ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി സന്ദേശം കണ്ടെത്തിയത്. രാവിലെ 11.10-ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകുന്ന കുറിപ്പ്, വിമാനം പുറപ്പെടേണ്ട സമയം (രാവിലെ 10.20) അടുത്തിരിക്കെയാണ് കണ്ടെത്തിയതെന്ന് കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ വിക്രം സിംഗ് പറഞ്ഞു. കുറിപ്പ് കണ്ടെത്തിയ ഉടൻ തന്നെ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഭീഷണി സന്ദേശത്തെക്കുറിച്ച് ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ വിവരമറിയിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി എഴുതി വെച്ചിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഒരു ഇൻഡിഗോ വിമാനം ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. പിന്നീട്, ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *