തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാൻഹോൾ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കണ്ടെത്തിയ മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത ആരെങ്കിലും കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കുഞ്ഞിന്റെ മരണം സംബന്ധിച്ച സാഹചര്യങ്ങളും മൃതദേഹം മാൻഹോളിൽ എത്തിയത് എങ്ങനെയെന്നും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് അന്വേഷണ വിവരങ്ങളും പുറത്തുവന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂ.