ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനമെന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ 'മൂഡീസി'ന്റെ വിലയിരുത്തല്‍. എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ)യുടെ 2-6 ശതമാനമെന്ന ലക്ഷ്യപരിധിയുടെ ഉയര്‍ന്ന നിരക്കിനോടടുത്താണ് പണപ്പെരുപ്പവും വിലക്കയറ്റവും. ഇതുമൂലം ഗാര്‍ഹിക ഉപഭോഗം വെല്ലുവിളികള്‍ നേരിടുന്നതായും മൂഡീസ് ചൂണ്ടിക്കാട്ടി.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ കുറവും ശക്തമാകുന്ന എല്‍ നിനോ പ്രതിഭാസവും കാര്‍ഷികോത്പാദനത്തെയും ഗ്രാമീണമേഖലയെ പൊതുവേയും ബാധിച്ചേക്കാം. ഇത് സാമ്പത്തികവളര്‍ച്ചയ്ക്ക് ഹ്രസ്വകാലവെല്ലുവിളിയാകും. ഇന്ത്യയുടെ സമഗ്ര സാമ്പത്തികമുന്നേറ്റവും ഊര്ജവിതരണപ്രതിസന്ധികള് അതിജീവിച്ചതും കണക്കിലെടുത്താണ് 2026-27 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാപ്രവചനം 6.5 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തുന്നതെന്നു മൂഡീസ് വ്യക്തമാക്കി.
നിര്‍മാണം, തൊഴില്‍, ഉത്പാദനക്ഷമത എന്നിവയ്ക്ക് അനുഗുണമായി സ്വകാര്യനിക്ഷേപത്തില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടായാല്‍ വളര്‍ച്ചാനിരക്ക് പ്രവചനത്തിനപ്പുറം ഉയര്‍ന്നേക്കാം. ആര്.ബി.ഐ. പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍, കര്‍ശനമായ പണനയം സ്വകാര്യനിക്ഷേപത്തിന്റെ വീണ്ടെടുപ്പിനു കാലതാമസമുണ്ടാക്കിയേക്കാം.ക്രൂഡ് ഓയില്‍, വാതകവിതരണം എന്നിവ വൈവിധ്യവത്കരിക്കാനും പൊതുമേഖലാ എണ്ണക്കമ്പനികളിലൂടെയും നികുതി ഇളവുകളിലൂടെയും വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കാനും കഴിഞ്ഞതിനാല്‍ ഊര്‍ജപ്രതിസന്ധിയെ ഇന്ത്യ മികച്ച രീതിയില്‍ മറികടന്നു.
രാജ്യത്തിന്റെ വിപുലവും നൂതനവുമായ ഇന്ധനശുദ്ധീകരണശേഷി വിതരണത്തിലെ തടസങ്ങള്‍ മറികടക്കാനും സംസ്കരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ പ്രധാനകയറ്റുമതിക്കാരെന്ന പദവി ഉറപ്പിക്കാനും സഹായകമായി. കോര്‍പറേറ്റ്, ബാങ്കിങ് മേഖലകളുടെ ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെട്ടു. ഉത്പാദനത്തിലും ഇറക്കുമതിയിലുമുള്ള വര്‍ധന, വ്യാവസായിക വായ്പാവളര്‍ച്ച, വര്‍ധിച്ച ശേഷിവിനിയോഗം തുടങ്ങിയ ഉന്നത സാമ്പത്തികസൂചകങ്ങള് വ്യക്തമാക്കുന്നത്, ഇന്ത്യ ഒരു പുതിയ സ്വകാര്യമൂലധന നിക്ഷേപചക്രത്തിന്റെ വക്കിലാണെന്നാണ്. ജി.എസ്.ടി. വരുമാനം, കയറ്റുമതി, വാഹനവില്‍പ്പന എന്നിവയില്‍ രേഖപ്പെടുത്തിയ ഇരട്ടയക്ക വാര്‍ഷികവളര്‍ച്ചയും ശുഭസൂചകമാണെന്ന് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.