പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ജോലിയും ഉത്തരവാദിത്വത്തോടെ ചെയ്തിട്ടുണ്ട് ; കെപിസിസി അദ്ധ്യക്ഷനാകാന്‍ യോഗ്യനെന്ന് കൊടിക്കുന്നില്‍

തിരുവനന്തപുരം: കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനം കോണ്‍ഗ്രസില്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്നു. അധ്യക്ഷ പദവിയിലേക്ക് താന്‍ തികച്ചും യോഗ്യനാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി രംഗത്ത് വന്നതോടെയാണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും ആരെയും മാറ്റിനിര്‍ത്താതെ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കാറുണ്ടെന്നും പറഞ്ഞു.

മാപ്പുകൾ കാണുക

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഇതുവരെ വളരെ ഭംഗിയായി നിറവേറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും തനിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും, സാമുദായിക പരിഗണനകളും സ്വീകാര്യതയും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കേരളത്തിലെ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാപ്പുകൾ കാണുക

പാര്‍ട്ടി നിരന്തരം അധഃസ്ഥിത ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നുണ്ട്. ഇതിന്റെ ഉദാഹരണമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായിരിക്കുന്നത്. പാര്‍ട്ടി തന്നെ മുമ്പ് ഏല്‍പ്പിച്ച വിവിധ സുപ്രധാന ചുമതലകളില്‍ താന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലോക്‌സഭാംഗം, കേന്ദ്രമന്ത്രി, എ.ഐ.സി.സി സെക്രട്ടറി, നെഹ്‌റു യുവകേന്ദ്ര വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ, സോണിയാഗാന്ധിക്കൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി 12 വര്‍ഷവും, രാഹുല്‍ഗാന്ധിക്കൊപ്പം ചീഫ് വിപ്പായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കോ എം.പിമാര്‍ക്കോ യാതൊരുവിധ പരാതിയുമില്ലെന്നും, മുതിര്‍ന്ന നേതാക്കളായ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും തന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ കെപിസിസി പ്രസിഡന്റിനെ ആരായിരിക്കുമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്നും, പാര്‍ട്ടി ഉചിതമായ സമയത്ത് അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കെപിസിസി അദ്ധ്യക്ഷനായിരിക്കാന്‍ കൊടിക്കുന്നിലിന് അര്‍ഹതയുണ്ടെന്ന് മന്ത്രി കെ. മുരളീധരനും പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അഭിപ്രായം ഉണ്ടാകാം. എന്നാല്‍ അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ് ആണെന്നും അത് ആരായിരിക്കുമെന്ന് അറിയുക പോലുമില്ലെന്ന് എ.പി. അനില്‍കുമാറും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *