മലയാളികൾക്കും അനുഗ്രഹമാകും; പുതിയ വന്ദേഭാരത് സർവീസ് പ്രാധാനമന്ത്രി നാളെ ഫ്ളാഗ് ഒഫ് ചെയ്യും, അറിയേണ്ടതെല്ലാം

മംഗളൂരു: ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കർണാടകയുടെ മനോഹരമായ തീരപ്രദേശങ്ങളിലൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും കടന്നുപോകുന്ന പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. യശ്വന്ത്പുര്‍–മംഗളൂരു–മഡ്ഗാവ് റൂട്ടിലുള്ള ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് ഫ്ലാഗ് ഒഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുക്കും.

12 സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. ഗോവ-മംഗളൂരു വന്ദേ ഭാരതാണ് ബംഗളൂരുവിലേക്ക് നീട്ടിയത്. നേരത്തെ കോഴിക്കോടേക്ക് നീട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും ബംഗളൂരുവിലേക്ക് നീട്ടാൻ കഴിഞ്ഞ മാസമാണ് റെയിൽവേ തീരുമാനിച്ചത്. മംഗളൂരു വഴിയുള്ള ബംഗളൂരു വന്ദേ ഭാരത് സർവീസ് ഏറെ പ്രയോജനകാരമാകുന്നത് ക‍ർണാടകയിലുള്ള മലയാളികൾക്കാണ്.

26655 യശ്വന്ത്പുർ – മഡ്ഗാവ് വന്ദേ ഭാരത് രാവിലെ 7:35ന് യശ്വന്ത്പൂരിൽനിന്ന് പുറപ്പെട്ട്, രാത്രി 8:55ന് ​ഗോവയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 13 മണിക്കൂർ 20 മിനിറ്റ് കൊണ്ടാകും ട്രെയിൻ സർവീസ് പൂർത്തിയാക്കുക. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും വന്ദേ ഭാരത് സർവീസ് നടത്തും. നവംബർ 15 മുതലാണ് ട്രെയിനിന്റെ പതിവ് സർവീസ് ആരംഭിക്കുക.

ബംഗളൂരുവിലെ യശ്വന്ത്പുരിൽ നിന്ന് ഗോവയിലെ മഡ്ഗാവിലേക്കാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. യാത്രാമദ്ധ്യേ 12 പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ശ്രാവണബെളഗോള, ഹാസൻ, സകലേശ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവയാണ് സ്റ്റോപ്പുകൾ.

ഇതോടെ കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും സൗകര്യമാകും. ഗോവ മാത്രമല്ല, ഗോകർണയിലെ ബീച്ചുകൾ, ഉഡുപ്പിയിലെ ക്ഷേത്രങ്ങളും ഭക്ഷണവിഭവങ്ങളും, മംഗളൂരുവിലെ തീരപ്രദേശങ്ങൾ, മുരുഡേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രക്കാർക്ക് എളുപ്പത്തിൽ എത്താം.

ഈ വന്ദേഭാരത് യാത്രയുടെ പ്രധാന ആകർഷണം റൂട്ടിലെ പ്രകൃതിഭംഗിയാണ്. പശ്ചിമഘട്ട മലനിരകളും കർണാടകയുടെ മനോഹരമായ തീരപ്രദേശങ്ങളും പിന്നിട്ടാണ് ട്രെയിൻ മുന്നോട്ടുപോകുന്നത്. പ്രത്യേകിച്ച് സകലേശ്പുരിനും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള യാത്രയിൽ പശ്ചിമഘട്ടത്തിന്റെ പച്ചപ്പും മലനിരകളും വനപ്രദേശങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാനാകും. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഗോവയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വന്ദേഭാരത് മികച്ചൊരു ഓപ്ഷനായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *