അനിരുദ്ധ് – കാവ്യ വിവാഹം; ദമ്പതികൾ തിരഞ്ഞെടുത്തത് ഹിന്ദു വിവാഹ നിയമത്തിലെ ‘സെൽഫ് റെസ്‌പെക്‌ട് മാര്യേജ്’

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. നവംബർ 11ന് ഗ്രീസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. പരമ്പരാഗത വിവാഹച്ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കി സമത്വത്തിലും പരസ്‌‌പര ബഹുമാനത്തിലും ഊന്നിയുള്ള വിവാഹമായിരുന്നു ഇരുവരും തിരഞ്ഞെടുത്തത്. സെൽഫ് റെസ്‌പെക്‌ട് (ആത്മാഭിമാന വിവാഹം) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.

ഒരേപോലെയുള്ള പെൻഡന്റുകൾ പരസ്‌പരം ചാർത്തിയാണ് അനിരുദ്ധും കാവ്യയും വിവാഹിതരായത്. ദമ്പതികൾ സെൽഫ് റെസ്‌പെക്‌ട് മാര്യേജ് ആണ് തിരഞ്ഞെടുത്തതെന്ന് ഡിഎംകെയുടെ ഐടി വിംഗ് സെക്രട്ടറി ഡോ.ടിആർബി രാജയും സ്ഥിരീകരിച്ചിട്ടുണ്ട്. 'കാവ്യയും അനിരുദ്ധും പരസ്‌പരം പൂമാല അണിഞ്ഞു. തലൈവർ (തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ) കാവ്യക്കും സൂപ്പർസ്റ്റാർ (നടൻ രജിനികാന്ത്) അനിരുദ്ധിനും മാല നൽകി. വധൂവരന്മാ‌ർ പരസ്പരം മാല അണിയിച്ചു. തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആശീർവദിച്ചു'- എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമക്കുറിപ്പിൽ പറഞ്ഞത്.

തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ പെരിയാർ ഇ.വി. രാമസാമി സ്ഥാപിച്ച 'ആത്മാഭിമാന പ്രസ്ഥാന'ത്തിൽ (സെൽഫ് – റെസ്‌പെക്‌ട് മൂവ്‌മെന്റ്) നിന്നാണ് 'ആത്മാഭിമാന വിവാഹം' (സെൽഫ്-റെസ്‌പെക്‌ട് മാര്യേജ്) എന്ന ആശയം ഉടലെടുത്തത്. ജാതി വിവേചനം, സാമൂഹിക ശ്രേണികൾ, പുരുഷാധിപത്യപരമായ ആചാരങ്ങൾ എന്നിവയെ ചോദ്യം ചെയ്യുന്ന ഈ പ്രസ്ഥാനം, തുല്യതയ്ക്കും വ്യക്തിപരമായ അന്തസിനുമാണ് പ്രാധാന്യം നൽകുന്നത്.

വിവാഹം സാധുവാകുന്നതിന് മതപുരോഹിതന്മാരുടെ അംഗീകാരമോ സങ്കീർണമായ ചടങ്ങുകളോ ആവശ്യമില്ല എന്നത് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങളിലൊന്നാണ്. പകരം, ദമ്പതികൾക്ക് പരസ്പരമുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുകയും, സാക്ഷികളുടെ സാന്നിധ്യത്തിൽ മാലകളോ മോതിരങ്ങളോ അല്ലെങ്കിൽ വിവാഹത്തെ സൂചിപ്പിക്കുന്ന മറ്റ് ചിഹ്നങ്ങളോ കൈമാറിക്കൊണ്ട് വിവാഹിതരാവുകയുമാണ് ചെയ്യുന്നത്.

1967ൽ ഹിന്ദു വിവാഹ നിയമത്തിൽ (ഹിന്ദു മാര്യേജ് ആക്‌ട്) വരുത്തിയ ഭേദഗതിയിലൂടെ തമിഴ്‌നാട്ടിൽ ഈ രീതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തിൽ, മാലകളോ മോതിരങ്ങളോ കൈമാറിക്കൊണ്ടോ, അല്ലെങ്കിൽ വിവാഹപ്രഖ്യാപനം നടത്തിക്കൊണ്ടോ നടത്തുന്ന വിവാഹങ്ങളെ ഈ നിയമത്തിലെ 7-എ വകുപ്പ് സാധുവായി അംഗീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *