വാഷിംഗ്ടൺ: അധികാരത്തിൽനിന്ന് ഇറങ്ങുന്നതിന് മുൻപ് ക്യൂബയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബയ്ക്കെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വാർത്താ ചാനലുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
സൈനിക ഇടപെടലിലൂടെ ക്യൂബയെ മോചിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, 'ഞാൻ സ്ഥാനമൊഴിയുന്നതിന് മുൻപ് ക്യൂബയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി. തന്റെ സർക്കാർ വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ നീക്കത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പ്രധാന പങ്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂബൻ വംശജരായ മാതാപിതാക്കളുടെ മകനായ മാർക്കോ റൂബിയോയ്ക്ക് ഇക്കാര്യത്തിൽ വലിയ താൽപ്പര്യമുണ്ടെന്നും, അതിനായി മികച്ചൊരു വ്യക്തിയെയാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മാറ്റണമെന്ന് ട്രംപ് മുൻപും പറഞ്ഞിരുന്നെങ്കിലും ആദ്യമായാണ് ഇതിനൊരു സമയപരിധി അദ്ദേഹം വ്യക്തമാക്കുന്നത്.
ഫ്ലോറിഡയിൽ തനിക്ക് വോട്ട് ചെയ്ത ക്യൂബൻ-അമേരിക്കൻ വംശജർക്ക് വേണ്ടിയാണ് ഇത്തരമൊരു സൈനിക നീക്കം നടത്താൻ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ക്യൂബയിൽ കടുത്ത പീഡനങ്ങൾ അനുഭവിച്ച് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് വേണ്ടി ഇത് ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യൂബ തകർച്ചയുടെ വക്കിലാണെന്നും അതൊരു പരാജയപ്പെട്ട രാജ്യമാണെന്നും ട്രംപ് നേരത്തെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ക്യൂബയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ യുഎസ് നടപടിക്ക് പിന്നാലെ, ക്യൂബയ്ക്കെതിരെ അമേരിക്ക എണ്ണ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് ക്യൂബയിലെ വൈദ്യുതി വിതരണ ശൃംഖല തകരാനും ജനങ്ങൾക്ക് വലിയ പ്രതിസന്ധിയാകുകയും ചെയ്തിരുന്നു.