വിമാനയാത്രയെയും തകരാറിലാക്കി മൈക്രോസോഫ്റ്റ് സേവനത്തിലെ തടസം, മൂന്ന് സർവീസ് റദ്ദാക്കി

ന്യൂഡൽഹി: മൈക്രോസോഫ്‌റ്റ് സേവനങ്ങൾ ലോകമാകെ തടസപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ചില വിമാനസർവീസുകളെയും ബാധിച്ചതായി വിവരം. മൈക്രോസോഫ്റ്റ് തകരാർ വന്നതോടെ ഡൽഹിയിൽ നിന്ന് മൂന്ന് സർവീസുകളാണ് റദ്ദാക്കിയത്. സ്‌പൈസ് ജെറ്റാണ് സർവീസുകൾ റദ്ദാക്കിയെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. മറ്റ് കമ്പനികളൊന്നും ഇതുവരെ സർവീസുകൾ റദ്ദാക്കിയിട്ടില്ല എന്നാൽ യാത്രക്കാർ വിവരം പരിശോധിച്ച് ഉറപ്പിക്കണമെന്നാണ് നിർദ്ദേശം.

ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടേണ്ട മൂന്ന് സർവീസുകളാണ് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത്. ഡൽഹി-പൂനെ, ഡൽഹി-ലേ, ഡൽഹി-മുംബയ് സർവീസുകളാണ് വേണ്ടെന്നുവച്ചത്. ഡൽഹി-ദർബംഗ, ഡൽഹി-മുംബയ് എന്നീ സർവീസുകൾ വൈകുകയും ചെയ്‌തു. തങ്ങളുടെ സർവീസുകളെല്ലാം സാധാരണ പോലെ നടക്കുന്നുണ്ടെന്നും എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ മെയിലടക്കം തടസമില്ലാതെ ലഭിക്കാൻ ഇമെയിൽ ട്രാഫിക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

അതേസമയം, ഇൻഡിഗോയും ആകാശ എയറും യാത്രക്കാർക്ക് ജാഗ്രതാ നി‌ർദ്ദേശം നൽകി, വിമാനത്തിന്റെ വിവരങ്ങൾ, അപ്‌ഡേറ്റുകൾ ഇവ സശ്രദ്ധം നിരീക്ഷിക്കണമെന്നാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *