‘ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം’; കുട്ടികൾ നിയമപരമായ ഇളവുകൾ മുതലെടുക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ജുവനൈൽ കേസുകളിൽ കുട്ടികളുടെ ഉയർന്ന പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസിന് താഴേയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. 16 വയസെത്തുമ്പോൾത്തന്നെ കുട്ടികൾ ആവശ്യത്തിന് മാനസിക വളർച്ച നേടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ പ്രവണത വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ നിരീക്ഷിച്ചു.

ബാലാവകാശ നിയമത്തിൽ നിലവിൽ 18 വയസിൽ താഴെയുള്ളവരെ കുട്ടികളായിട്ടാണ് കാണുന്നത്. മദ്യപിച്ച് 19 കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് നെടുമ്പാശേരിയിൽ മൂന്നുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ് നിരീക്ഷണം.

ചെറിയ കുട്ടികൾവരെ ക്രൂരമായ അക്രമങ്ങളിൽ പ്രതികളാകുന്നതും നിയമപരമായ ഇളവുകൾ മുതലെടുക്കുന്നതും പൊതുസമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജുവനൈൽ കേസുകളിൽ കുട്ടികളുടെ ഉയർന്ന പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിർമാണസഭകൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിൽ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.

23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും വിലക്കുന്ന കേരള അബ്കാരി നിയമത്തിലെ 15ബി വകുപ്പ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറോട് ഹൈക്കോടതി നിർദ്ദേശിച്ചു. മാദ്ധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹർജി നൽകിയത്. 24ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *