കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ സ്കൈ മെട്രോ പദ്ധതി മുന്നോട്ടുവെച്ച് മെട്രോമാൻ ഇ. ശ്രീധരൻ. മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഒമ്പത് കിലോമീറ്റർ ദൂരം വെറും 15 മിനിറ്റിൽ പിന്നിടാൻ കഴിയുന്ന സംവിധാനമാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. പരമ്പരാഗത മെട്രോ ട്രെയിനുകൾക്ക് പകരം തൂങ്ങിക്കിടക്കുന്ന പോഡുകൾ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനമാണിത്. ഇതുസംബന്ധിച്ച് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻ പുതിയ ആശയം പങ്കുവെച്ചത്.
നഗരത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ഗതാഗത സൗകര്യം വികസിപ്പിക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. പരമ്പരാഗത എലിവേറ്റഡ് മെട്രോയ്ക്ക് ഒരു കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോൾ സ്കൈ മെട്രോയ്ക്ക് 100 കോടി രൂപയിൽ താഴെ മതിയാകുമെന്നാണ് ശ്രീധരന്റെ കണക്കുകൂട്ടൽ. ഷാർജയിൽ അടുത്തിടെ സ്ഥാപിച്ച സ്കൈ മെട്രോ സംവിധാനം പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. "കൊച്ചിയിലെ ചിതറിക്കിടക്കുന്ന ജനസംഖ്യയ്ക്ക് വേഗത്തിൽ മെട്രോ ശൃംഖല വികസിപ്പിക്കേണ്ടതുണ്ട്. ജിഎസ്ടി അടക്കമുള്ള നികുതികൾ കാരണം പരമ്പരാഗത മെട്രോകൾ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. സർക്കാർ സബ്സിഡികൾ കുറയുകയും നിർമാണ സാമഗ്രികളുടെയും ഭൂമിയുടെയും വില കൂടുകയും ചെയ്യുന്നു. വൈദ്യുതി നിരക്കും ഉയരുകയാണ്" -ശ്രീധരൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത മെട്രോയ്ക്ക് ആവശ്യമായ യാത്രക്കാരില്ലാത്ത റൂട്ടുകളിൽ കുറഞ്ഞ ചെലവിലുള്ള ബദൽ സംവിധാനങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപത്തെ മന്ത്ര റോഡ് – സാന്റോ ഗോപാലൻ റോഡ് ജങ്ഷനിൽനിന്നാണ് നിർദിഷ്ട പാത ആരംഭിക്കുന്നത്. തുടർന്ന് പിടി ജേക്കബ് റോഡ്, ഗേറ്റ്‌വേ ഓഫ് കൊച്ചി പാലം, പഴയ ദേശീയപാത 47, വെണ്ടുരുത്തി പാലം എന്നിവയിലൂടെ പേരമാനൂരിലെത്തും. അവിടെനിന്ന് കൊച്ചിൻ ഷിപ്പ്യാർഡിനായി ഉപയോഗിച്ചിരുന്ന പഴയ റെയിൽവേ സൈഡിങ് പാതയിലൂടെ നിലവിലെ റെയിൽവേ ലൈനിന്റെ പടിഞ്ഞാറുഭാഗം ചേർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തും. രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 10 സ്റ്റേഷനുകളാണ് ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്. താങ്ങുതൂണുകൾ 200 മുതൽ 300 മീറ്റർ ഇടവിട്ട് സ്ഥാപിക്കുമ്പോൾ സ്റ്റേഷനുകൾ തമ്മിലുള്ള അകലം ഏകദേശം ഒരു കിലോമീറ്ററായിരിക്കും.
പരമ്പരാഗത മെട്രോയിൽനിന്ന് വ്യത്യസ്തമായി സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകളാണ് സ്കൈ മെട്രോയുടെ പ്രത്യേകത. ഓരോ പോഡിലും ഏകദേശം 16 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയായിരിക്കും വേഗം. "മെട്രോ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഉറപ്പുള്ള സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകളാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുക. നിർദ്ദിഷ്ട ഡബിൾ-റെയിൽ സംവിധാനത്തിൽ ഏകദേശം 16 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഓരോ പോഡുകൾക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. അയവുള്ള കേബിളുകൾക്ക് പകരം ഉറപ്പുള്ള ഗർഡറുകൾ ഉപയോഗിക്കുന്നതിനാൽ 40 മീറ്റർ വരെ ആരമുള്ള വളവുകളും സാധ്യമാകും" -ശ്രീധരൻ വ്യക്തമാക്കി.
യാത്രക്കാരുടെ എണ്ണത്തിലും മികച്ച ശേഷി കൈവരിക്കാൻ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കും. ഇതനുസരിച്ച് ഒരു മണിക്കൂറിൽ 1,200 പേർക്കും പത്ത് മണിക്കൂർ പ്രവർത്തിക്കുന്ന ദിവസം 12,000 പേർക്കും യാത്രാസൗകര്യം ലഭിക്കും. കുറഞ്ഞ ചെലവിൽ കൂടുതൽ മേഖലകളിലേക്ക് ഗതാഗത ശൃംഖല വ്യാപിപ്പിക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് പരമ്പരാഗത മെട്രോ നിർമാണം സാമ്പത്തികമായി പ്രായോഗികമല്ലാത്ത റൂട്ടുകളിൽ സ്കൈ മെട്രോ പരിഗണിക്കാമെന്നും ശ്രീധരൻ അഭിപ്രായപ്പെടുന്നു.
ഷാർജയിൽ സ്ഥാപിച്ച സ്കൈ മെട്രോയാണ് കൊച്ചിക്ക് മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയും അന്നത്തെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഈ സംവിധാനം സന്ദർശിച്ച് മതിപ്പ് പ്രകടിപ്പിച്ചിരുന്നതായും ശ്രീധരൻ പറഞ്ഞു. "ഷാർജയിൽ സ്കൈ മെട്രോ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് സമാന സംവിധാനം കൊച്ചിയിൽ പ്രവർത്തിച്ചുകൂടാ?" എന്നും അദ്ദേഹം ചോദിച്ചു. പദ്ധതി യാഥാർഥ്യമായാൽ പരമ്പരാഗത മെട്രോ, വാട്ടർ മെട്രോ എന്നിവയ്ക്കൊപ്പം സ്കൈ മെട്രോയും ചേരുന്നതോടെ മൂന്ന് വ്യത്യസ്ത മെട്രോ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളുള്ള നഗരമായി കൊച്ചി മാറുമെന്നും ശ്രീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.