പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെ ജടായുപാറ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജടായുപാറയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജടായുപാറയുമായി ബന്ധപ്പെട്ട് സംവിധായകൻ രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയും തമ്മിൽ യോഗം ചേർന്നിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും സുരേഷ് ഗോപി വ്യക്തമാക്കി. ഇതിന് ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പത്മജ വേണുഗോപാൽ ബിജെപി വിട്ട സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. വിഷയത്തിൽ മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും പത്മജയെ ബിജെപിയിൽ ചേർത്തത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട കോടതി വിധിയിലും സുരേഷ് ഗോപി പ്രതികരിച്ചു. വിധി സങ്കടകരമാണെന്നും കേസിലെ പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.