പാലക്കാട്: വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ദേശീയപാതയിൽ തങ്കം ജംഗ്‌ഷന് സമീപം സർവീസ് റോഡിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കണ്ണമ്പ്ര ഭാഗത്ത് നിന്ന് വന്ന ബസ് സർവീസ് റോഡിലൂടെ ടൗണിൽ പ്രവേശിക്കാൻ വരുന്നതിനിടെ എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു. ബസിൽ ഇടിച്ച ശേഷം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചുകയറിയാണ് നിന്നത്.
ബസ് യാത്രക്കാർക്കാണ് കൂടുതലായും പരിക്കേറ്റത്. ഇതിൽ ഒരു യാത്രക്കാരന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ലോറി ഡ്രൈവറുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയിലെ സർവീസ് റോഡിൽ കുറച്ചുനേരം ഗതാഗത തടസമുണ്ടായി. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.