ഇൻഫ്ലുവൻസർമാർ പറയുന്നതു കേട്ടു; മുഖസൗന്ദര്യം കൂട്ടാൻ ഫെയർനസ് ക്രീം ഉപയോഗിച്ച 17 കാരിക്ക് ഗുരുതര വൃക്കരോഗം

മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രമോഷണൽ വീഡിയോ കണ്ട് ഫെയർനസ് ക്രീം വാങ്ങി ഉപയോഗിച്ച മലപ്പുറത്തെ 17 കാരിക്ക് ഗുരുതര വൃക്കരോഗം പിടിപെട്ടു. ക്രീമിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മെർക്കുറി അടങ്ങിയതാണ് അപകടംവരുത്തിവച്ചത്.

സുഹൃത്തുക്കളും ഉപയോഗിക്കുമായിരുന്ന ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചപ്പോഴാണ് പെൺകുട്ടി രോഗാവസ്ഥയിലായത്. വൃക്കകളുടെ അരിപ്പകളെ ബാധിച്ച് മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന 'മെംബ്രനസ് നെഫ്രോപ്പതി' ആണ് പെൺകുട്ടിയെ ബാധിച്ചത്. പരിശോധിച്ച ഡോക്ടർ പെൺകുട്ടിയുടെ ശരീരത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറി കണ്ടെത്തിയതിനെ തുടർന്നാണ് ഫെയർനസ് ക്രീമാണ് വില്ലനെന്ന് തിരിച്ചറിഞ്ഞത്.

ഒരു വർഷത്തോളമായി ക്രീം ഉപയോഗിച്ചിരുന്ന പെൺകുട്ടിക്ക് ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകളാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് മുഖത്തും കൈകാലുകളിലും നീരും ഓർമ്മക്കുറവും മറ്റ് ശാരീരിക അസ്വസ്ഥതകളും കണ്ടുതുടങ്ങിയതോടെയാണ് ചികിത്സ തേടിയത്.

ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ കമ്പനിയെ ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നും സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാനും നാഡീവ്യൂഹത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

നിയമപ്രകാരം, ഫെയർനസ് ക്രീമുകളിൽ മനഃപൂർവ്വം മെർക്കുറി ചേർക്കാൻ അനുവാദമില്ല. അസംസ്കൃത വസ്തുക്കളിലൂടെയോ മറ്റോ അനിവാര്യമായ സാഹചര്യങ്ങളിൽ ഉണ്ടാകാവുന്ന മെർക്കുറിയുടെ അളവ് ഒരു കാരണവശാലും 1 ppm-ൽ കൂടാൻ പാടില്ല. എന്നാൽ, പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 12,500 ppm മെർക്കുറി അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *