കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം പ്രതിനിധികളും മെറ്റ ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ പങ്കെടുത്തത്. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പോസ്റ്റുകൾ നീക്കം ചെയ്യുന്നതായും അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതായുമുള്ള പരാതികൾ ചർച്ചയിൽ ഉന്നയിച്ചു.
മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ നേരത്തെ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. മധ്യപ്രദേശ് യൂത്ത് കോൺഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതായും സംഘടന ആരോപിച്ചു.
മെറ്റയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലും ഗുജറാത്തിലും പ്രവർത്തകർ ബാനറുകൾ പ്രദർശിപ്പിച്ചിരുന്നു. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിനെ പരിഹസിച്ച് 'മാർക്ക് ബിജെപി ബർഗ്' എന്നെഴുതിയ ബാനറുകളാണ് ഉയർത്തിയത്. ആർ.എസ്.എസ് ഗണവേഷം ധരിച്ച സക്കർബർഗിന്റെ ചിത്രവും ബാനറുകളിൽ ഉൾപ്പെടുത്തിയിരുന്നു.
നേരത്തെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.