മുംബയ്: എൻസിപി (എസ്‌പി) അദ്ധ്യക്ഷൻ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണത്തെത്തുടർന്ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ ആണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ജോലിയോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം കാരണം യാത്രകൾ കുറയ്‌ക്കാനും വിശ്രമിക്കാനും പറഞ്ഞാലും കേൾക്കാറില്ലെന്ന് സുപ്രിയ എക്‌സിൽ കുറിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശശികാന്ത് ഷിൻഡെ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ നരിമാൻ പോയിന്റിലെ പാർട്ടി ഓഫീസിലെത്തിയതായിരുന്നു സുപ്രിയ സുലെ. അതിനിടെയാണ് പിതാവ് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് യോഗം റദ്ദാക്കി അവർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അടുത്തിടെ നെഞ്ചിലും ശ്വാസകോശത്തിലും അണുബാധയുണ്ടായതിനെത്തുടർന്ന് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.