കാട്ടാന ആക്രമണത്തില്‍ ; തിരുനെല്ലിയില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.ഏറെ മണിക്കൂറുകള്‍ ഭീതി പരത്തിയ ഒറ്റയാനെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. കാടിനോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി പ്രദേശമായതിനാല്‍ കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി കാട്ടാനശല്യത്തിന് കുറവുണ്ടായിരുന്നുവെങ്കിലും ഇന്ന് വീണ്ടും ഒറ്റയാന്റെ സാന്നിധ്യം പ്രദേശത്ത് ഭീതി പരതുകയായിരുന്നു. തോട്ടം തൊഴിലാളിയുടെ മരണത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *