കോഴിക്കോട് ചികിത്സയിലുള്ള നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂണ്‍ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 3, 4, 5, 6 തീയതികളില്‍ ഫറോക്ക് കോളജ് പോസ്റ്റ് ഓഫീസ്, ജൂണ്‍ 7, 8, 9 തീയതികളില്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി.
ജൂണ്‍ 10ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികിത്സതേടുകയായിരുന്നു.നിപ ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ 77 ഓളം പേരാണ് ഉള്ളത്. അതില്‍ത്തന്നെ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 14 പേര്‍ ബന്ധുക്കലാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഫറോക്ക് കോളേജ് സ്വദേശിയായ 43 കാരനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ് നിലവില്‍. പുണെ വൈറോളജി ലാബില്‍ നിന്നുള്ള സ്രവ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു . സ്വന്തം ഗോഡൗണ്‍ വൃത്തിയാക്കിയതിനു ശേഷമാണ് പനി വന്നതെന്നാണ് വിവരം . രോഗം പടര്‍ന്നത് വവ്വാലുകളില്‍ നിന്നാണെന്നാണ് നിഗമനം. ഇയാള്‍ ഗോഡൗണ്‍ വൃത്തിയാക്കിയപ്പോള്‍ വവ്വാലിന്റ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി വ്യക്തമാക്കി.അതിനിടെ സ്റ്റോക്ക് ഇല്ലാത്ത നിപ ചികിത്സയ്ക്കുള്ള റെംഡെസിവര്‍ മരുന്ന് ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. മരുന്ന് ലഭ്യമാക്കാന്‍ സംസ്ഥാനം ICMRനോട് ആവശ്യപ്പെട്ടിട്ടുണ്ട് .പകരം റിബവൈറിന്‍ ഉപയോഗിക്കാനാണ് തീരുമാനം.