പ്രധാനമന്ത്രി മോദിക്കുനേരെ വധഭീഷണി: യുവാവിനെ കണ്ടെത്തി, നടപടിയുമായി ഓസ്‌ട്രേലിയൻ പോലീസ്

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിനുനേരെ വധഭീഷണി ഉയർന്ന സംഭവത്തിൽ ഭീഷണിയുടെ ഉറവിടം കണ്ടെത്തിയതായി  ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച യുവാവിനെ തിരിച്ചറിഞ്ഞെന്നും ഇയാൾക്ക്  ഔദ്യോഗികമായി താക്കീത് നൽകിയെന്നും പോലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അന്താരാഷ്ട്ര നേതാക്കൾക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഉയരുന്ന ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ യാതൊരുവിധ അപകടസാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ജൂലൈ ഒൻപതിന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ്‌സ് മോദി’ എന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയെ പ്രൊമോട്ട് ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ‘ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം’ എന്നായിരുന്നു കമന്റിലെ ഉള്ളടക്കം. ചടങ്ങ് നടക്കുന്ന സ്റ്റേഡിയം അടച്ചിടുന്നതാണ് ഉചിതമെന്നും സന്ദേശത്തിൽ പരാമർശിച്ചിരുന്നു. ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഇത് പോലീസിനെ അറിയിക്കുകയായിരുന്നു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി കാർഷിക മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും മെൽബണിലെ ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനുമായാണ് നരേന്ദ്ര മോദി ഈ ആഴ്ച ഓസ്‌ട്രേലിയയിൽ എത്തുന്നത്. ഭീഷണി സന്ദേശം വന്ന പശ്ചാത്തലത്തിൽ മെൽബണിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *