സ്വർണപ്പണയം പുതുക്കിനൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്: ജ്വല്ലറി ഉടമ അറസ്റ്റിൽ

കൊച്ചി: പലിശയില്ലാതെ സ്വർണപ്പണയം പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധിപേരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ആമ്പല്ലൂർ സെയിൻ ഗോൾഡ് ഉടമ അബ്ദുൾ ഷുക്കൂറിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. 2024 മുതൽ ആമ്പല്ലൂർ, വെട്ടിക്കാട്ടുമുക്ക്, പെരുമ്പളം എന്നിവിടങ്ങളിൽ ജ്വല്ലറി നടത്തിയിരുന്ന ഇയാൾ, ‘ഗോൾഡ് സ്കീം’ എന്ന പദ്ധതിയുടെ പേരിൽ പണയത്തിലുള്ള സ്വർണാഭരണങ്ങൾ പലിശയില്ലാതെ പുതുക്കി നൽകാമെന്ന് പരസ്യം നൽകി ആളുകളെ ആകർഷിക്കുകയായിരുന്നു.

ഇതിൽ വിശ്വസിച്ച നിരവധിപേർ സ്വർണാഭരണങ്ങൾ കൈമാറി. സ്വർണം തിരിച്ചെടുക്കാൻ എത്തിയവരോട് ഒരുമാസത്തെ സാവകാശം ആവശ്യപ്പെടുകയും പിന്നീട് നിയമനടപടികൾ സ്വീകരിക്കുമെന്ന തരത്തിൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് പരാതി. സ്ത്രീകൾ ഉൾപ്പെടെ 86ലധികം പേരുടെ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് വിവരം. മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ ഇതുവരെ 30ലധികം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 300 പവനിലധികം സ്വർണം തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

പരാതികൾ ഉയർന്നതിനെ തുടർന്ന് അബ്ദുൾ ഷുക്കൂർ മുൻകൂർ ജാമ്യം തേടിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മുളന്തുരുത്തി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്ന് ആൾജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ പരാതിക്കാരെ കണ്ടെത്തുന്നതിനും സാമ്പത്തിക ഇടപാടുകളുടെയും സ്വർണത്തിന്റെ കണക്കുകളുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *