ആലപ്പുഴ: പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് ചെന്നൈ സ്വദേശിനിയെ കാണാതായി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ചെന്നൈയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ 7 അംഗ സംഘത്തിലെ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് നോർത്ത് പൊലീസിനും ഫയർ ഫോഴ്സിനും വിവരം നൽകി. രാത്രി തന്നെ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവും പുന്നമട കായലിൽ പരിശോധന നടത്തി. ഇന്നും തെരച്ചിൽ തുടരുകയാണ്. നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് ചെന്നൈ സ്വദേശിനിയെ കാണാതായി