നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന അവയവമാണ് വൃക്കകൾ. ദിവസവും ഏതാണ്ട് 50 ഗാലൻ അതായത് ഏകദേശം 180 ലീറ്റർ രക്തവുമാണ് അത് അരിക്കുന്നത്. കൂടാതെ പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുകയും ധാതുലവണങ്ങളുടെ സന്തുലനം നിലനിർത്തുകയും ചെയ്യുന്നു. അതോടൊപ്പം രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനത്തിനും വൃക്കകൾ സഹായിക്കുന്നു. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകും മുൻപ് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാം. ക്രോണിക് കിഡ്നി ഡിസീസിനെ അതുകൊണ്ടുതന്നെ ‘നിശബ്ദ രോഗം’ എന്നാണ് വിളിക്കുന്നത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത് എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസ് (NIDDK) പറയുന്നു. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതു കൊണ്ടുതന്നെ ഈ രോഗം ബാധിച്ചത് പലപ്പോഴും അറിയാതെ പോകുന്നു. അപൂർവരോഗങ്ങളൊന്നും കൊണ്ടല്ല വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത്. പലപ്പോഴും ദിവസവും ആവർത്തിക്കുന്ന ചെറിയ തീരുമാനങ്ങളിലൂടെ വളരെ സാവധാനമാകും രോഗം ബാധിക്കുക.
വേദനസംഹാരികളുടെ അമിതോപയോഗം
തലവേദന, ശരീരവേദന, കളിക്കുമ്പോൾ പറ്റുന്ന പരുക്ക് എല്ലാത്തിനും വേദനസംഹാരികളെ ആകും ആശ്രയിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം ശരിയായി ഉപയോഗിക്കുകയാണെങ്കിൽ മിക്ക മരുന്നുകളും സുരക്ഷിതമാണ്. നിർദേശം കൂടാതെ തന്നെ തുടർച്ചയായി ഏറെക്കാലം വേദനസംഹാരികൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനത്തകരാറിലേക്ക് നയിക്കും. സ്റ്റിറോയ്ഡ് അല്ലാത്ത, ആന്റിഇൻഫ്ലമേറ്ററി മരുന്നുകൾ വൈദ്യനിർദേശമില്ലാതെ അമിതമായി കഴിച്ചാൽ വൃക്കകളിലേക്കുള്ള രക്തസ്രാവം കുറയുകയും വൃക്കകൾക്ക് പരിക്കു പറ്റാനും ഉള്ള സാധ്യതയും ഉണ്ട്. വൃക്കരോഗം ഉള്ള പ്രായമായവരിലാണ് ഇതിന് സാധ്യത കൂടുതൽ.
ഇവയെ അവഗണിക്കാതിരിക്കാം
ഉയർന്ന രക്തസമ്മർദവും പ്രമേഹവും ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാക്കില്ല. ഇതു തന്നെയാണ് ഇവയെ അപകടകരമാക്കുന്നതും. ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് വൃക്കകൾക്കുള്ളിലെ രക്തക്കുഴലുകൾക്ക് ക്ഷതം വരുത്തും. അനിയന്ത്രിതമായ രക്തസമ്മർദമാകട്ടെ അതിലോലമായ ഫിൽറ്ററുകൾക്ക് മേൽ അമിത ആയാസം ഉണ്ടാക്കും. ഫലപ്രദമായി പ്രവർത്തിക്കാൻ ഇതുമൂലം വൃക്കകൾക്ക് പ്രയാസം ആകും. വൃക്കരോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ ആയതുകൊണ്ടു തന്നെ പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഒരിക്കലും അവഗണിക്കരുത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നതും ഇതു തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, വൃക്കകളുടെ ആരോഗ്യസംരക്ഷണം ആരംഭിക്കുന്നത് മറ്റ് രോഗാവസ്ഥകളെ നിയന്ത്രിക്കുന്നതിലൂെടയാണ് എന്നതാണ്. പതിവായി ബ്ലഡ് ഷുഗറും രക്തസമ്മർദവും പരിശോധിക്കുന്നത് സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാൻ സഹായിക്കും.
ഭക്ഷണത്തിലും ശ്രദ്ധ വേണം
ഒരു തവണ ആരോഗ്യഭക്ഷണം കഴിച്ചതുകൊണ്ട് വൃക്കകൾക്ക് തകരാർ ഉണ്ടാവുകയില്ല. മറിച്ച് വർഷങ്ങൾ കൊണ്ടാണ് ഇതുണ്ടാകുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ അമിതമായ അളവിൽ ഉപ്പും അനാരോഗ്യകരമായ കൊഴുപ്പുകളും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഉപ്പ് കൂടുതൽ ശരീരത്തിലെത്തുന്നത് രക്തസമ്മർദം ഉയരാനും വൃക്കകൾക്ക് അമിതസമ്മർദം ഉണ്ടാകാനും കാരണമാകും. ഉപ്പ് കൂടുതലടങ്ങിയതും അൾട്രാ പ്രോസസ്ഡ് ആയതുമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, പുകവലി, അമിത മദ്യപാനം, ചടഞ്ഞുകൂടിയ ജീവിതശൈലി ഇവയെല്ലാം വൃക്കകൾക്ക് ആയാസം ഉണ്ടാക്കും. ആവശ്യത്തിന് െവള്ളം കുടിക്കുന്നത് ഫലപ്രദമായി പാഴ്‌വസ്തുക്കളെ നീക്കം ചെയ്യാൻ വൃക്കകളെ സഹായിക്കും. എല്ലാവരും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന നിയമം ഒന്നുമില്ല. പ്രായം, കാലാവസ്ഥ, ആക്റ്റിവിറ്റി ലെവൽ, രോഗാവസ്ഥകൾ ഇതെല്ലാം അനുസരിച്ച് ഓരോരുത്തർക്കും ആവശ്യമുള്ള വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. ചില വൃക്കരോഗവും ഹൃദ്രോഗവും ഉള്ളവർക്ക് ഫ്ലൂയ്ഡ് നിയന്ത്രണമുണ്ടാകും. പുകവലിയും മദ്യപാനവും രക്തചംക്രമണത്തെ ബാധിക്കുകയും രക്തസമ്മർദം ഉയരാനും അതുവഴി വൃക്കരോഗസാധ്യത കൂടാനും കാരണമാകും.
ലക്ഷണങ്ങൾ പ്രകടമാകാൻ കാത്തുനിൽക്കരുത്
വൃക്കകൾക്ക് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ ഉടനെ വേദന അനുഭവപ്പെടും എന്നാണ് മിക്കവരും കരുതുന്നത്. ദീർഘകാലമായുള്ള വൃക്കരോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഡോക്ടറെ കാണും മുൻപ് ലക്ഷണങ്ങൾ പ്രകടമാകാൻ കാത്തിരിക്കും എന്നത് ഒരു കാര്യമാണ്. എന്നാൽ ദൗർഭാഗ്യകരം എന്നേ പറയേണ്ടൂ. വിട്ടുമാറാത്ത വൃക്കരോഗത്തെ ഒരു നിശ്ശബ്ദ രോഗം എന്നാണ് വിളിക്കുന്നത്. കാരണം അപായ സൂചനകൾ ശ്രദ്ധിക്കപ്പെടും മുൻപു തന്നെ വൃക്കകൾക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ രോഗം വരാതെ തടയേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുൻപേ തന്നെ ഒരു രക്തപരിശോധനയിലൂടെയും മൂത്രപരിശോധനയിലൂടെയും വൃക്കരോഗം കണ്ടെത്താനാകും. പ്രമേഹം, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, ഹൃദ്രോഗം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം ഇവയുള്ളവർ ആരോഗ്യപ്രവർത്തകനുമായി സംസാരിച്ച് പതിവായി വൃക്ക പരിശോധന നടത്തേണ്ടതാണ്.