മഴക്കലിയില്‍ 6 മരണം; കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചില്‍, മലപ്പുറത്ത്‌ അഞ്ചുപേരെ കാണാതായി

മൂന്നാര്‍/കോട്ടയം/മലപ്പുറം: സംസ്‌ഥാനത്ത്‌ കനത്ത മഴയും മണ്ണിടിച്ചിലും ആറ്‌ ജീവന്‍ അപഹരിച്ചു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലില്‍ നാല്‌ മരണം. മലപ്പുറത്ത്‌ ഒഴുക്കില്‍പ്പെട്ട്‌ രണ്ടുപേര്‍ മരിച്ചു. ഒരു സ്‌ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി.
കനത്ത മഴയ്‌ക്കിടെ ഇടുക്കി വട്ടവടയില്‍ മണ്ണിടിഞ്ഞ്‌ കൊട്ടാക്കമ്പൂര്‍ സ്വദേശികളായ ബാലകൃഷ്‌ണന്‍ (47), സഹോദരി ചിന്നു (38) എന്നിവരാണ്‌ മരിച്ചത്‌. സ്‌ഥലത്തുണ്ടായിരുന്ന ബാലകൃഷ്‌ണന്റെ ഭാര്യ മാരിയമ്മയ്‌ക്ക്‌ പരുക്കേറ്റു. മാരിയമ്മയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകളായി തുടര്‍ന്ന കനത്ത മഴയ്‌ക്കിടെ കൃഷിയിടത്തിലെ താല്‍ക്കാലിക ഷെഡിനു മുകളിലേക്കു മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു ചിന്നവും ബാലകൃഷ്‌ണനും മാരിയമ്മയും. ഷെഡ്‌ പൂര്‍ണമായും തകര്‍ന്നു. മൂവരും നിമിഷങ്ങള്‍ക്കകം മണ്ണിനടിയില്‍പ്പെട്ടു.
കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളം ഉറവപ്ലാവില്‍ വീടിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണ്‌ ഗൃഹനാഥന്‍ മരിച്ചു. ചേലകാട്ട്‌ വീട്ടില്‍ ജോസഫ്‌ (അപ്പച്ചന്‍- 80) ആണ്‌ മരിച്ചത്‌. മണ്ണിനടിയില്‍പ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ്‌ (32) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞ്‌ തമിഴ്‌നാട്‌ സ്വദേശിനി മരിച്ചു. ചെന്നൈ ജവഹര്‍ നഗര്‍ സ്വദേശിനി സംഗീതയാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം കോട്ടപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലാണ്‌ രണ്ടുപേരുടെ ജീവന്‍ തട്ടിയെടുത്തത്‌. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ വിനോദസഞ്ചാരകേന്ദ്രമായ ടി.കെ. നഗറിലാണ്‌ സംഭവം. പൊട്ടിക്കല്ല്‌ മുട്ടിക്കുണ്ട്‌ ഭാഗത്തുനിന്ന്‌ 50 വയസ്‌ തോന്നിക്കുന്ന പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ്‌ കണ്ടെടുത്തത്‌. മരിച്ചവരില്‍ ഒരാള്‍ തിരൂരില്‍ നിന്നെത്തിയതാണെന്നാണ്‌ നിഗമനം.
പൂക്കോട്ടുംപാടം പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി സഞ്ചാരികളാണ്‌ എത്തിയിരുന്നത്‌. പെട്ടെന്ന്‌ വെള്ളം ഉയര്‍ന്നതും ഇരുപത്തിയേഴോളം പേര്‍ പുഴയുടെ മധ്യത്തില്‍ അകപ്പെട്ടു. ഇവരെ നാട്ടുകാരും പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന്‌ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *