‘മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണോ ഇങ്ങനെ പെരുമാറിയത്’; അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ. കണ്ണൂർ ഇടക്കാട് വില്ലേജ് ഓഫീസർ ജിജു സ്‌കറിയയാണ് അറസ്റ്റിലായത്. രാത്രിയിൽ യുവതിയുടെ വീട് തേടിയെത്തിയ ഇയാളെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണം നടന്നെന്നാണ് ജിജു സ്‌കറിയ കണ്ണൂർ പൊലീസിനോട് പറഞ്ഞത്. യുവതിയും ഭർത്താവും ഉൾപ്പടെ 14 പേർക്കെതിരെ വില്ലേജ് ഓഫീസർ പരാതി നൽകി.

മൂന്ന് വർഷം മുൻപാണ് യുവതിയുടെ പിതാവ് മരിച്ചത്. ഒരാഴ്‌ച മുൻപാണ് പിതാവിന്റെ മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി യുവതി ഇടയ്‌ക്കാട് വില്ലേജ് ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന ഭാവത്തിലാണ് വില്ലേജ് ഓഫീസർ യുവതിക്ക് മെസേജ് അയച്ചത്. തുടർന്ന് അശ്ലീലച്ചുവയുള്ള മെസേജുകൾ വന്നതോടെ യുവതി വിവരം ഭർത്താവിനെ അറിയിക്കുകയായിരുന്നു. രാത്രി പതിനൊന്നരയോടെ ഇയാൾ തന്റെ വീട്ടിനടുത്തെത്തിയെന്നും മോശമായി പെരുമാറാൻ ശ്രമിച്ചെന്നും യുവതി പറയുന്നു. മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണോ ഇങ്ങനെ പെരുമാറിയതെന്ന് ചോദിച്ചാണ് നാട്ടുകാർ വില്ലേജ് ഓഫീസറെ തടഞ്ഞുവച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *