കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ ടിക്കറ്റ് നൽകാതെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.
അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പെൺകുട്ടിക്ക് മാത്രം ടിക്കറ്റ് നൽകിയില്ലെന്നും ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’ എന്ന് പറഞ്ഞ് അപമാനിച്ചെന്നാണ് ആരോപണം. മുടി കുറവാണെന്നതടക്കം പറഞ്ഞ് ചില യാത്രക്കാരും കണ്ടക്ടർക്കൊപ്പം ചേർന്ന് പരിഹസിച്ചെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അപമാനം സഹിച്ച് ബസിൽ തന്നെ യാത്ര തുടരേണ്ടിവന്നതായും പറയുന്നു.
ബസിൽ നിന്ന് ഇറങ്ങിയതിന് ശേഷവും കണ്ടക്ടറിൽ നിന്നും ചില യാത്രക്കാരിൽ നിന്നും മോശം അനുഭവമുണ്ടായെന്നും പരാതിയിലുണ്ട്. പറവൂർ എസ്എച്ച്ഒയ്ക്കാണ് പെൺകുട്ടി പരാതി നൽകിയത്. കണ്ടക്ടർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.