ഡല്‍ഹിയില്‍ പകുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം ; പാര്‍ക്കിംഗ് നിരക്ക് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും; അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പദ്ധതികളുമായി ഡല്‍ഹി സര്‍ക്കാര്‍. ശീതകാല വായുമലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കാനും ഡല്‍ഹിയിലെ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും തീരുമാനിച്ചു. പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കുക, നിര്‍മ്മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക തുടങ്ങിയ നടപടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ മൂന്ന് മാസം മുമ്പ് തന്നെ പ്രഖ്യാപിച്ചു. പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ നവംബര്‍ 1 മുതല്‍ നിലവില്‍ വരും. നവംബര്‍ 1 മുതല്‍ 2027 ഫെബ്രുവരി 28 വരെ ഓഫീസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും. ഈ പദ്ധതിപ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹിക്ക് കീഴിലുള്ള ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയും, ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഓഫീസുകള്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6.30 വരെയും പ്രവര്‍ത്തിക്കും. നവംബര്‍ 1 മുതല്‍ 2027 ഫെബ്രുവരി 28 വരെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കും. ബാക്കി 50 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യും. ഈ കാലയളവില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന യാതൊരുവിധ നിര്‍മ്മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

ശീതകാലത്തെ വായുമലിനീകരണത്തെ ചെറുക്കാന്‍ മുന്‍ വര്‍ഷങ്ങളിലും ഡല്‍ഹി നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. മലിനീകരണവും പുകയും കുറയ്ക്കുന്നതിനായി ഒറ്റ-ഇരട്ട അക്ക നമ്പരുകളുള്ള വാഹനങ്ങള്‍ മാറിമാറി നിരത്തിലിറക്കുന്ന 'ഓഡ്-ഈവന്‍' നയം ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, വാഹനങ്ങളില്‍ നിന്നുള്ള പുകയ്ക്ക് പുറമെ പൊടിപടലങ്ങളും വ്യാവസായിക മലിനീകരണവുമാണ് ഡല്‍ഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വൈക്കോലും വിളാവശിഷ്ടങ്ങളും കത്തിക്കുന്നത് ശീതകാലത്ത് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് ആക്കം കൂട്ടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *