‘ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരന്‍; ചിരിയുള്ള നോവായി കടന്നുപോയ സുഹൃത്തിന് പ്രണാമം’; കെസി വേണുഗോപാല്‍

നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാര്‍ എന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ ജീവിക്കുമെന്ന് അദേഹം കുറിച്ചു.

കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരാള്‍ക്ക് കഴുത്തില്‍ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓര്‍ത്തുപറയാറുണ്ട്. മാലയിടുമ്പോള്‍, തന്റെ കവിളില്‍ തലോടിയ കൈകള്‍ സാക്ഷാല്‍ കെ കരുണാകരന്റേതായിരുന്നുവെന്ന് പില്‍ക്കാലം ബോധ്യപ്പെടുത്തിയപ്പോള്‍, അടിമുടി കോണ്‍ഗ്രസുകാരനായ സലിം കുമാര്‍ കൂടി ജനിക്കുകയായിരുന്നു.കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാര്‍. ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരന്‍.വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ്. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയില്‍ ചര്‍ച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ ജീവിക്കും, എക്കാലവും. മകന്‍ ചന്തുവുമായുള്ള ബന്ധവും സലീമില്‍ നിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകള്‍ പോലെ. ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നില്‍ പ്രണാമം.

 

Leave a Reply

Your email address will not be published. Required fields are marked *