അവസാന ഏകദിനത്തിൽ 22 റൺസിന്റെ വിജയം, കിവീസ് 187ന് ഓൾഔട്ട്: ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

മൗണ്ട്‌മൗംഗനൂയി: ട്വന്റി-20 യ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ 22 റൺസിന്റെ വിജയം നേടിയതോടെ 3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ബേ ഓവലിൽ നടന്ന നിർണായക മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 48.1 ഓവറിൽ 187 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ തിരിച്ചടിയായിരുന്നു. മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ (7), വിരാട് കൊഹ്ലി (5) എന്നിവർ വേഗത്തിൽ പുറത്താവുകയായിരുന്നു. എന്നാൽ 46 റൺസ് വീതം നേടിയ അക്‌സർ പട്ടേലിന്റെയും ഇഷാൻ കിഷന്റെയും മികച്ച ബാറ്റിംഗാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ക്യാപ്റ്റൻ ശ്രേയസ് അയ്യരും നമാൻ ധീറും 22 റൺസ് വീതം അടിച്ചെടത്തു. അവസാന ഓവറുകളിൽ മുഹമ്മദ് സിറാജും (14) അർഷ്ദീപ് സിംഗും (14) നടത്തിയ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ 42.1 ഓവറിൽ 209 റൺസെന്ന നിലയിലെത്തി. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നറും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദത്തിലാക്കുകയായിരുന്നു.

ഡീൻ ഫോക്സ്ക്രോഫ്റ്റ്(31), നായകൻ മിച്ചൽ സാന്റ്നർ (24), നിക്ക് കെല്ലി (24), വിൽ യംഗ് (22) എന്നിവർ പോരാടിയെങ്കിലും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അർഷ്ദീപ് സിംഗും മുഹമ്മദ് സിറാജും ചേർന്ന് ന്യൂസിലൻഡ് മുൻനിരയെ തകർത്തപ്പോൾ മദ്ധ്യഓവറുകളിൽ അക്‌സർ പട്ടേലും അരങ്ങേറ്റക്കാരനായ യാഷ് താക്കൂറും നിർണായക വിക്കറ്റുകൾ വീഴ്ത്തി. 49-ാം ഓവറിലെ ആദ്യ പന്തിൽ ബ്ലെയർ ടിക്നറെ അക്‌സർ പട്ടേലിന്റെ പന്തിൽ ഇഷാൻ കിഷൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെയാണ് ഇന്ത്യ ചരിത്രവിജയം നേടിയത്. അർഷ്ദീപ് സിംഗ് കളിയിലെ താരമായപ്പോൾ ഗുർനൂർ ബ്രാർ പരമ്പരയിലെ താരമായി. മൂന്ന് മത്സരങ്ങളിൽ നിന്നായി ഒൻപത് വിക്കറ്റാണ് ബ്രാർ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *