മലപ്പുറം: തിരൂരങ്ങാടിയിൽ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു. ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെ പത്തുമണിയോടെ വീടിന് സമീപത്തെ വയലിൽവച്ചായിരുന്നു സംഭവം. വയലിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു ജുനൈദ്. വയലിൽ നിൽക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കെഎസ് ഇബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയ നിലയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. പ്രദേശത്ത് നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ റിപ്പോർട്ട് നൽകണമെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിയോട് നിർദേശം നൽകി.
ജുനൈദിന്റെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് വിട്ടുനൽകും.