തിരുവനന്തപുരം: വി.ഇ.എച്ച്. ഗ്ലോബൽ എന്ന കമ്പനിയിൽ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് നവംബർ 10ലെ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ. എന്നാൽ കഴിഞ്ഞ മാസം വി.ഇ.എച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതൽ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സർക്കാർ ഈ കരാർ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
സെപ്റ്റംബർ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വി.ഇ.എച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. വി.ഇ.എച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണ്? ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, 'കരാറിൽ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നൽകി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.