ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഷൂട്ടിംഗ് വിസ്മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ.
ജര്‍മനിയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിംഗ് കോച്ച് ആയി ഉയരുന്നതിന് മുന്‍പ് രാജ്യം കണ്ട ഏറ്റവും മികച്ച പിസ്റ്റള്‍ ഷൂട്ടറായിരുന്നു അദ്ദേഹം. 1976 ജൂണ്‍ 28ന് ഉത്തരാഖണ്ഡില്‍ ജനനം. 1994ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ചുവടുവച്ചത്. മിലാനില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് സ്‌കോറോടെ അദ്ദേഹം സ്വര്‍ണം നേടി. ആ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തിലും സ്വര്‍ണം നേടി.
ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലുടനീളം മെഡലുകള്‍ വാരിക്കൂട്ടി. ഒന്‍പത് സ്വര്‍ണ മെഡലുള്‍പ്പെടെ 15 മെഡലുകളുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കോമണ്‍വെല്‍ത്ത് ഗെംയിസ് ഷൂട്ടര്‍ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാണ്. 1994, 1998, 2002, 2006 കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങളിലും അദ്ദേഹം ആധിപത്യം തെളിയിച്ചു.
18ാം വയസില്‍ അര്‍ജുന അവാര്‍ഡ് സ്വന്തമാക്കി. മൂന്നുവര്‍ഷത്തിനുശേഷം രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. മത്സരയിനങ്ങളില്‍ നിന്ന് വിരമിച്ച റാണ 2012ല്‍ പരിശീലനം നല്‍കുന്നത് ആരംഭിച്ചു. ഷൂട്ടിംഗ് രംഗത്ത് പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മനു ഭാക്കറിന് പുറമെ ഇന്ത്യയിലെ മുന്‍നിര ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, അനീഷ് ഭന്‍വാല, ചിങ്കി യാദവ് എന്നിവരെയും പരിശീലിപ്പിച്ചു.
റാണയുടെ വിയോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം അറിയിച്ചു. ‘ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും രാജ്യത്തിനായി സ്വര്‍ണ മെഡലുകള്‍ നേടിക്കൊടുത്തുകൊണ്ട് ജസ്പാല്‍ റാണ ലോക വേദിയില്‍ ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ കായിക ലോകത്തിന് വലിയ നഷ്ടമാണ്’- രാജ്നാഥ് സിംഗ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *