കബഡിയിൽ സ്വർണം തൂക്കി പെൺപട; ആവേശകരമായ മത്സരത്തിൽ ഇറാനെ വീഴ്ത്തി ഇന്ത്യയ്ക്ക് മെഡൽ നേട്ടം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ. ആവേശകരമായ ഫൈനലിൽ ഇറാനെ 37-34ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്.

ആദ്യ പകുതിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22-16 എന്ന സ്കോറിനാണ് ഇന്ത്യ ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഇറാൻ ശക്തമായി തിരിച്ചുവന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പ്രതിരോധം തീർക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇറാൻ 18-15ന് മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിലെ ആറ് പോയിന്റിന്റെ ലീഡ് ഇന്ത്യയ്ക്ക് നിർണായകമായി. അവസാന നിമിഷങ്ങളിൽ ഇറാൻ സമ്മർദം ശക്തമാക്കിയെങ്കിലും ഇന്ത്യ പ്രതിരോധം ഉറപ്പിച്ച് വിജയം സ്വന്തമാക്കി.

2010, 2014, 2022 വർഷങ്ങളിലെ ഏഷ്യൻ ഗെയിംസുകളിലും ഇന്ത്യ വനിതാ കബഡിയിൽ സ്വർണം നേടിയിരുന്നു. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇറാനോട് തോറ്റ് വെള്ളി നേടിയതൊഴിച്ചാൽ വനിതാ കബഡിയിൽ ഇന്ത്യ പങ്കെടുത്ത മറ്റ് പതിപ്പുകളിലെല്ലാം സ്വർണം നേടിയിട്ടുണ്ട്.ഹാംഗ്ചൗവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യ തന്നെയായിരുന്നു വനിതാ കബഡി ചാമ്പ്യന്മാർ. ചൈനീസ് തായ്‌പേയിയെ 26-25ന് തോൽപ്പിച്ചാണ് ഇന്ത്യ കഴി‌ഞ്ഞ തവണ സ്വർണം നേടിയത്.

കീരിടനേട്ടത്തിനുശേഷം ‘വന്ദേ മാതരം’ ആലപിച്ചുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തിയത്. വനിതാ കബഡിയിൽ സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27 ആയി. മൂന്ന് സ്വർണം, 11 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. മെഡൽ പട്ടികയിൽ ഇന്ത്യ നിലവിൽ 12-ാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *