മാസപ്പടികേസ്: പ്രാഥമികാന്വേഷണത്തെ എതിര്‍ത്ത് ഇ.ഡി. ; എഫ്‌ഐആര്‍ വേണ്ടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രാഥമികാന്വേഷണമെന്ന സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഇ.ഡി. കൃത്യമായ തെളിവുകള്‍ ഹാജരാക്കിയ കേസില്‍ എഫ്ഐആര്‍ ഇട്ടാലേ മുമ്പോട്ട് പോകാനാകു എന്ന് ഇ.ഡി. അറിയിച്ചു. തെളിവുകള്‍വെച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രാഥമികാന്വേഷണം നടത്തന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിക്കുമ്പോഴായിരുന്നു ഈ വാദങ്ങള്‍ നടന്നത്. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കാനായി മാറ്റി. ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ വിജിലന്‍സ് കേസെടുക്കാന്‍ പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. തെളിവുകള്‍ സീല്‍ഡ് കവറില്‍ നല്‍കാമെന്നും അറിയിച്ചു.

എന്തുകൊണ്ട് എഫ്.ഐ.ആർ എടുത്തില്ലെന്ന് സർക്കാരിനോട് ചോദിച്ച കോടതി, എഫ്.ഐ.ആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി പറയുന്നതെന്നും വ്യക്തമാക്കി. മുൻപ് ഹർജികൾ തള്ളിയ സമയത്ത് ലഭ്യമല്ലാതിരുന്ന കൂടുതൽ തെളിവുകളും വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നും നിരീക്ഷിച്ചു. പരാതിയുണ്ടെങ്കില്‍ ഇഡി ഹര്‍ജി നല്‍കണമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ എ.ജി യും വാദിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *