30 വര്‍ഷമായി മദ്യനിരോധനം ; നാഗാലാന്റില്‍ വ്യാജമദ്യം കഴിച്ച് രണ്ടു ജില്ലകളിലായി മരണമടഞ്ഞത് 19 പേര്‍

മോക്കോക്ചുങ് : മുപ്പത് വര്‍ഷമായി മദ്യനിരോധനം നിലനില്‍ക്കുന്ന നാഗാലാന്റില്‍ വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത് 19 പേര്‍. 1990 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത്, അനധികൃത മദ്യത്തിന്റെ വിതരണ ശൃംഖല കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. രണ്ടു ജില്ലകളിലായിട്ടാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ് ജില്ലയില്‍ 8 പേരും ട്യൂന്‍സാങ് ജില്ലയില്‍ 11 പേരും മരിച്ചതായി പൊലീസ് അറിയിച്ചു. മരണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനും വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനും അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ഐ. ബുങ്‌ലങ് ചാങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുകയാണ്. മരണകാരണം വ്യക്തമാക്കുന്നതിനായി സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

പൊലീസ് നടത്തിയ റെയ്ഡുകളില്‍ 19 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 3,000 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു. തിരിച്ചറിയാത്തതോ ലേബല്‍ ഇല്ലാത്തതോ ആയ സംശയാസ്പദമായ വ്യാജമദ്യം ആളുകള്‍ കഴിക്കരുതെന്നും, മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *