ചണ്ഡിഗഡ്: കാമുകിയെ വിവാഹം കഴിക്കുന്നതിനായി 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞതിന് മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സർക്കാർ ക്വാർട്ടേഴ്‌സിൽ ഇന്നലെയാണ് അദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിതിന്റെ മകൻ അർമാൻ (18) അറസ്റ്റിലായി.
സംഭവസ്ഥലത്തുനിന്ന് ഒരു നാടൻ തോക്കും കണ്ടെടുത്തിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അർമാനും നിതിനുമായി വാക്കുതർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അർമാൻ തന്റെ അമ്മയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട ഇവർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പുറത്തുനിന്നാരോ എത്തിയാണ് കൊലപാതകം നടത്തിയതെന്ന് വരുത്തിതീർക്കാൻ അർമാൻ ശ്രമിച്ചതായി അയൽക്കാർ വെളിപ്പെടുത്തി.
കാമുകിയെ വിവാഹം കഴിപ്പിച്ചുതരണമെന്ന് അർമാൻ മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇന്ത്യയിൽ പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 21 ആയതിനാൽ അതുവരെ കാത്തിരിക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. കാമുകിയെ വീട്ടിൽ താമസിപ്പിക്കണമെന്ന അർമാന്റെ ആവശ്യവും മാതാപിതാക്കൾ തള്ളിയിരുന്നു. മറ്റ് പല ആവശ്യങ്ങൾക്കായി മാതാപിതാക്കൾ പണം നൽകാത്തതും അർമാനിൽ വൈരാഗ്യമുയർത്തിയിരുന്നു.
ബൈക്ക് യാത്രികരായ രണ്ട് സഹോദരന്മാരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇക്കൊല്ലമാദ്യം അർമാൻ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പിതാവിനെ കൊലപ്പെടുത്തിയത്.