വടകര എം.ഡി.എം.എ കേസ് ; മുഖ്യപ്രതി കീര്‍ത്തനയെ പങ്കാളി കുത്തി ; ഗുരുതരമായി പരിക്കേറ്റു

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് പോലീസ് സ്‌റ്റേഷന്‍ പരിസരത്തുവെച്ച് കുത്തേറ്റു. വടകരയിലെ വനിതാ പോലീസ്‌റ്റേഷന് മുന്നിലിട്ട് പങ്കാളി ബിനീഷാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനെ സംഭവസ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം കിട്ടിയ കീര്‍ത്തന ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ്‌സ്‌റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ പ്രതി കാത്തിരുന്നു കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ കീര്‍ത്തനയെ വടകര മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്്. പോലീസുകാര്‍ തന്നെയാണ് കീര്‍ത്തനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ബിആര്‍സിയിലെ അദ്ധ്യാപികയായിരുന്നു കീര്‍ത്തന, കാവ്യ, ഗ്രീഷ്മ എന്നിവരെയാണ് മയക്കുമരുന്ന് കേസില്‍ പോലീസ് പിടികൂടിയത്.

ഈ കേസില്‍ കോഴിക്കോട് സബ്ജയിലിലായിരുന്ന കീര്‍ത്തനയ്ക്ക് കഴിഞ്ഞയാഴ്ച ജാമ്യം കിട്ടിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ എല്ലാദിവസവും പോലീസ് സ്‌റ്റേഷനില്‍ ഒപ്പുവെയ്ക്കണമെന്നാണ് ആവശ്യം. അതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കീര്‍ത്തനയുടെ കൂടെ താമസിച്ചിരുന്നയാളാണ് ബിനീഷ്. ഇവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *