കുടിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന വസ്തുക്കൾ; ​ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ പാക്കേ‌ജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)​. കമ്പനിയുടെ പാക്കേജ് കുടിവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ബിസ്‌ലേരി ഇന്റർനാഷണലിന്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച പാക്കേജ് കുടിവെള്ളത്തിന്റെ (മിനറൽ വാട്ടർ ഒഴികെയുള്ളത്)​ ആദ്യഘട്ട പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ അധികം ബ്രോമേറ്റ് കണ്ടെത്തിയിരുന്നു. ഇതോടെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കമ്പനി അപ്പീൽ നൽകിയതോടെ സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യമാണ് രണ്ടാം പരിശോധനയിൽ കണ്ടെത്തിയത്. ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധി ലംഘിച്ചതും പി.എ.എച്ചിന്റെ സാന്നിദ്ധ്യവും ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന് എഫ്.എസ്.എസ്.എ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയത്. ബ്രോമേറ്റും പി.എ.എച്ചും അർബുദത്തിന് കാരണമാകാൻ സാദ്ധ്യതയുള്ള കാർസിനോജനുകളായാണ് വർഗീകരിച്ചിരിക്കുന്നത്. ഉത്പന്നങ്ങൾ തിരിച്ചുവിളിക്കാനും ലൈസൻസ് റദ്ദാക്കാനും മറ്റ് സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും അതോറിട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *