മിസ് യൂണിവേഴ്സ് മത്സര വേദിയിൽ സ്വന്തം നാടായ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും തനത് വസ്ത്രപാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ സുന്ദരി കെസിയ ലിസ് മെജോ. കേരളത്തിന്റെ തനിമയ്ക്കൊപ്പ ം ലാറ്റിനമേരിക്കൻ രാജ്യമായ പ്യൂർട്ടോറിക്കോയുടെ ഊർജ്ജ സ്വലത നിറഞ്ഞ നിറങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുള്ള വസ്ത്രം അണിഞ്ഞാണ് നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ കെസിയ ചുവടു വച്ചത്. ക്യാറ്റ് വാക്കിനൊപ്പം ഭരതനാട്യത്തിന്റെ മുദ്രകളും ചലനങ്ങളുമായി ഇന്ത്യയുടെ കലാപാരമ്പര്യത്തെയും കെസിയ അവതരിപ്പിക്കാൻ അവസരം കണ്ടെത്തി.
ഫാഷൻ ലേബലായ ഹൗസ് ഓഫ് സിദ്ധാന്തിന്റെ സിദ്ധാന്താണ് വസ്ത്രം രൂപകല്പന ചെയ്തത്. മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വേഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. വസ്ത്രത്തിന്റെ രൂപകല്പനയ്ക്ക് പിന്നിലെ ആശയങ്ങളും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ടാണ് സംഘടന ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.
ഇന്ത്യയുടെ സമ്പന്നമായ വസ്ത്രപാരമ്പര്യത്തിന്റെ ആഘോഷമാണ് കസിയ ലിസ് മെജോയുടെ ദേശീയ വേഷം. സ്വന്തം നാടായ കേരളത്തിന്റെ ഊർജസ്വലമായ സംസ്കാരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വേഷത്തിൽ ഇന്ത്യയുടെ തനത് നിറങ്ങൾക്കൊപ്പം പ്യൂർട്ടോ റിക്കോയുടെ ആവേശം നിറഞ്ഞ നിറങ്ങളും ചേർത്തിരിക്കുന്നു' എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച മനോഹരമായ തുണിത്തരങ്ങളാണ് വേഷത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി. രാജ്യത്തിന്റെ വൈവിധ്യവും കരകൗശല മികവും നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്ത്രനിർമാണ പാരമ്പര്യവും ഇതിലൂടെ പ്രതിഫലിക്കുന്നു. ഓരോ തുണിത്തരത്തിനും അതിന്റേതായ പ്രത്യേകതയും ഘടനയും കഥയുമുണ്ട്. ഇവയെല്ലാം ചേർന്നാണ് ഇന്ത്യയുടെ സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന വേഷം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ പാരമ്പര്യത്തിനൊപ്പം പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും വേഷത്തിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ലാറ്റിൻ സംസ്കാരത്തിന്റെ ചടുലതയും ഇന്ത്യൻ വസ്ത്രസൗന്ദര്യവും ഒത്തചേരുന്ന രീതിയിലാണ് നിറങ്ങൾ തിരഞ്ഞെടുത്തത്. രണ്ട് സംസ്കാരങ്ങളെ നിറങ്ങളിലൂടെയും സർഗാത്മകതയിലൂടെയും പൈതൃകത്തിലൂടെയും ബന്ധിപ്പിക്കുന്നതാണ് ഈ രൂപകൽപ്പനയെന്നും സംഘടന വിശദീകരിച്ചു. വേഷത്തിന്റെ പിന്നിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ അലങ്കാരവും കേരളത്തിനുള്ള ആദരമാണ്. സംസ്ഥാനത്തിന്റെ പ്രകൃതിഭംഗി, വാസ്തുവിദ്യാപാരമ്പര്യം, സാംസ്കാരിക തനിമ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സവിശേഷ ഘടകങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വന്തം നാടിന്റെ പാരമ്പര്യവും ദൃശ്യഭംഗിയും രാജ്യാന്തര വേദിയിലെത്തിക്കുന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.
ഒരു സൗന്ദര്യമത്സര വേഷം എന്നതിലുപരി ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയിലൂടെയും വസ്ത്രപാരമ്പര്യത്തിലൂടെയുമുള്ള യാത്രയാണ് ഈ സൃഷ്ടിയെന്ന് സംഘടന വിശേഷിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക അഭിമാനവും പ്യൂർട്ടോ റിക്കോയുടെ വർണാഭമായ സംസ്കാരവും ഒരുമിപ്പിക്കുന്ന വേഷം, ഫാഷനിലൂടെ വ്യത്യസ്ത സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന കലാപ്രകടനം കൂടിയാണെന്നും കുറിപ്പിൽ വ്യക്തമാക്കി. അതേസമയം കെസിയയുടെ വസ്ത്രം നന്നായില്ലെന്ന വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അമച്വർ ആയ രീതിയിലാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്,.