കെ.എസ്.ഇ.ബി. വഴി സൗരോര്‍ജം വീടുകളിലേക്ക്; സംസ്ഥാനത്തെ ആദ്യ ‘ബെസ്’ കാസര്‍കോട് ഡിസംബറില്‍ കമ്മിഷന്‍ ചെയ്യും

കാസര്‍കോട്: കേരളത്തിലെ ആദ്യത്തെ ‘ബെസ്’ പദ്ധതി മൈലാട്ടിയില്‍ ഡിസംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കെ.എസ്.ഇ.ബി.യുടെ ഉത്തരമലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട ഉത്തര മലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനാണ് യോഗം വിളിച്ചത്.
പകല്‍സമയത്ത് സൗരോര്‍ജം ബാറ്ററിയില്‍ ശേഖരിച്ച് രാത്രി പീക്ക് സമയത്ത് വിതരണം ചെയ്യുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയില്‍ മൂന്ന് പദ്ധതികള്‍ മാര്‍ച്ചിന് മുമ്പ് കമ്മിഷന്‍ ചെയ്യാനാകുമെന്ന് യോഗത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 125 മെഗാവാട്ടാണ് രാത്രി നാലുമണിക്കൂര്‍ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയില്‍നിന്ന് ലഭിക്കുക. കണ്ണൂരിലെ ശ്രീകണ്ഠപുരം പദ്ധതിക്ക് 160 എം.ഡബ്ല്യു.എച്ച്. ശേഷിയും കാസര്‍കോട്ടെ മുള്ളേരിയയിലേതിന് 60 എം.ഡബ്ല്യു.എച്ച്. ശേഷിയുമാണുള്ളത്.
വൈദ്യുതിമുടക്കം, വോള്‍ട്ടേജ് ക്ഷാമം, മഴക്കാല പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ ഫോണ്‍ വഴി ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോള്‍ട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്നുണ്ടായ സംഭവങ്ങള്‍ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍, വെബ്സൈറ്റ്, മാധ്യമങ്ങള്‍ എന്നിവ വഴി അറിയിക്കണം.
കാസര്‍കോട്ട് സബ് സ്റ്റേഷനുകള്‍ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്നും കെ.നീലകണ്ഠന്‍ എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലെയും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. എം.എല്‍.എ.മാരായ കെ.വി.സുമേഷ്, വി.കുഞ്ഞികൃഷ്ണന്‍, വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കെ.എസ്.ഇ.ബി. നോര്‍ത്ത് മലബാര്‍ റീജിയന്‍ ചീഫ് എന്‍ജിനീയര്‍ ടി.എസ്.ജയശ്രീ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മഴക്കാലത്ത് രാത്രി അധിക ഡ്യൂട്ടിക്ക് ലൈന്‍മാന്‍
മഴക്കാലത്ത് രാത്രിയില്‍ ഒരു ലൈന്‍മാന്റെ അധിക ഡ്യൂട്ടി അനുവദിക്കാനുള്ള ശുപാര്‍ശ തയ്യാറാക്കി നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കാറ്റിലും മഴയിലും വൈദ്യുതിലൈനില്‍ തകരാറുണ്ടാകുന്നത് പതിവായതിനാല്‍ രാത്രി ജോലിഭാരം കൂടുന്നതിനാലാണിത്. അതിനാല്‍ തകരാര്‍ നീക്കുന്നതും വൈകും. ഇത് പരിഹരിക്കുകയാണ് മഴക്കാലത്ത് രാത്രി അധിക ഡ്യൂട്ടി അനുവദിക്കുന്നതുവഴി ലക്ഷ്യമിടുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *