ബാങ്കോക്ക്: മൂന്നുവര്‍ഷമായി അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന തായ്ലാന്‍ഡ് രാജകുമാരി ബജ്രകിടിയഭ മഹിദോള്‍ (47) അന്തരിച്ചു. മഹാ വജിറലോങ്കോണ്‍ രാജാവിന്റെ ഏഴുമക്കളില്‍ മൂത്തയാളാണ്. നിയമബിരുദധാരിയായ അവര്‍, നിയമരംഗത്തെ പരിഷ്‌കരണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ശ്രദ്ധനേടിയത്.
കരസേനയുടെ പ്രദര്‍ശനത്തിനുവേണ്ടി നായകളെ പരിശീലിപ്പിക്കവേ 2022 ഡിസംബറിലാണ് ബജ്രകിടിയഭ ബോധരഹിതയായത്. ന്യുമോണിയയുമായി ബന്ധപ്പെട്ട മൈക്കോപ്ലാസ്മ അണുബാധയാണ് അവര്‍ക്കെന്നാണ് അന്ന് കൊട്ടാരം അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതിയെക്കുറിച്ച് അധികം വിവരങ്ങള്‍ പുറത്തുവിട്ടില്ല.
ബാങ്കോക്കിലെ തമ്മസാത് സര്‍വകലാശാലയിലും ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയിലുമാണ് മഹിദോള്‍ നിയമംപഠിച്ചത്. 2005-ല്‍ കോര്‍ണലില്‍നിന്ന് ഡോക്ടറേറ്റും നേടി. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തുള്ള തായ് നയതന്ത്രകാര്യാലയത്തില്‍ ജോലിചെയ്തു. 2012-2014 കാലത്ത് ഓസ്ട്രിയയിലെ തായ്ലാന്‍ഡ് സ്ഥാനപതിയായിരുന്നു. കുറ്റകൃത്യങ്ങള്‍ക്കും മയക്കുമരുന്നിനുമെതിരേ പ്രവര്‍ത്തിക്കുന്ന യു.എന്‍. ഓഫീസിന്റെ ഗുഡ്വില്‍ അംബാസഡറായി 2017-ല്‍ മഹിദോള്‍ നിയമിതയായി.