തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വടക്കൻ തമിഴ്നാടിന് മുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി തുടരുന്നു.
മന്നാർ കടലിടുക്കിൽ നിന്ന് മദ്ധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്നാടും കർണാടകയും വഴി കടന്നുപോകുന്ന സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒക്ടോബർ ആറ് മുതൽ 10 വരെയുള്ള നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
06/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
09/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്
10/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.