സ്‌കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം ചൊല്ലണം; ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സ്‌കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായി ചൊല്ലാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അഗസ്റ്റിൻ ജോർജ് മസിഹ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ആറാം ക്ലാസ് മുതൽ വിദ്യാർഥികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കുന്നുണ്ടെന്നും ഇത് നിലവിൽ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി സർവകലാശാലയിലെ രാജധാനി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ധീരജ് കുമാറാണ് പൊതുതാൽപര്യ ഹർജി നൽകിയത്. സ്‌കൂളുകളിൽ ഭരണഘടനാ സാക്ഷരത വർധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സിബിഎസ്ഇക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ദേശീയഗാനം ആലപിക്കുന്നതുപോലെ ദിവസവും ആമുഖം ചൊല്ലുന്നത് കുട്ടികളിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ വളർത്താൻ സഹായിക്കുമെന്ന് ഹർജിക്കാരൻ വാദിച്ചു. രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ സ്‌കൂളുകളിൽ ആമുഖം ചൊല്ലാൻ നൽകിയ നിർദേശങ്ങളും സിബിഎസ്ഇയുടെ പോസിറ്റീവ് അഫർമേഷൻ സർക്കുലറും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *