മാസം 80,000 രൂപ വരുമാനം; എന്നിട്ടും ഊബർ ഓടി ജീവിക്കുന്നു,​ കാരണം വ്യക്തമാക്കി ഡ്രൈവർ

ന്യൂഡൽഹി: മാസം 80,000 രൂപ വാടക വരുമാനം ഉണ്ടായിട്ടും ഉപജീവനത്തിന് ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന മദ്ധ്യവയസ്‌കന്റെ ജീവിതമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറെ പരിചയപ്പെട്ട കണ്ടന്റ് ക്രിയേറ്ററായ യുവതിയാണ് ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കഴിഞ്ഞ ജൂണിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബീഹാർ സ്വദേശിയായ മദ്ധ്യവയസ്‌കൻ കഴിഞ്ഞ വർഷമാണ് ഹൃദയാഘാതത്തെ തുടർന്ന് പഴയ ജോലി നഷ്ടപ്പെട്ടപ്പോൾ ഊബർ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. ഡൽഹിയിൽ ബന്ധുവിന്റെ ഒരു ഫാക്ടറിയിലായിരുന്നു നേരത്തേ ജോലി ചെയ്തിരുന്നത്. മാന്യമായ വരുമാനവും ലഭിച്ചിരുന്നു. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് ശാരീരികമായി അധ്വാനിച്ചുള്ള ജോലികൾ ചെയ്യാൻ കഴിയാതെ വന്നതോടെ ബന്ധു ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇനി തന്നെകൊണ്ട് ബന്ധുവിന് യാതൊരു ഉപകാരവുമില്ലെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ.

'മരുന്നും വെള്ളക്കുപ്പിയും കുറച്ച് പണവും ഞാൻ കൈയിൽ കരുതും. കാരണം, ഞാൻ ഒന്നിനും കൊള്ളാത്തവനല്ലെന്ന് അയാളെ ബോദ്ധ്യപ്പെടുത്തണം'- എന്നായിരുന്നു ഡ്രൈവറുടെ വാക്കുകൾ. ജീവിതത്തിലുണ്ടായ പ്രതിസന്ധികൾക്കിടയിലും ജോലി തുടരാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെ കാരണവും അദ്ദേഹം പങ്കുവച്ചു. നോയിഡ ഇലക്ട്രോണിക് സിറ്റിയിൽ ഏകദേശം 80 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകൾ ഇദ്ദേഹത്തിനുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി പറയുന്നത്. ഇതിൽനിന്ന് മാസം 80,000 രൂപ വാടകയും ലഭിക്കുന്നുണ്ട്. വിശ്രമജീവിതം നയിക്കാൻ സാഹചര്യമുണ്ടായിട്ടും അദ്ദേഹം അതിനു തയ്യാറാകുന്നില്ലെന്നാണ് യുവതി പറയുന്നത്.

രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ ഊബർ ഓടിച്ച് മാസം 50,000 രൂപ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു. നോയിഡയിലെ രണ്ട് ഫ്ളാറ്റുകളും തന്റെ രണ്ടു പെൺമക്കൾക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ബിഹാറിൽ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ ഇദ്ദേഹത്തിന് വേറെയുണ്ടെന്നും യുവതി പറയുന്നു. സാമ്പത്തികമായി വിശ്രമജീവിതം തിരഞ്ഞെടുക്കാൻ കഴിയുന്ന സാഹചര്യത്തിലും അധ്വാനിച്ച് മുന്നോട്ടുപോകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

അഞ്ചു മിനിറ്റ് നീണ്ട സംഭാഷണം ജീവിതത്തെക്കുറിച്ച് ഏറെ ചിന്തിപ്പിച്ചെന്നും ചെറിയ പ്രതിസന്ധികളിൽപ്പോലും പിന്മാറാൻ കാരണങ്ങൾ തേടുന്നവർക്ക് ഈ മനുഷ്യന്റെ ജീവിതം പ്രചോദനമാണെന്നും യുവതി കുറിച്ചു. പ്രശ്നങ്ങൾക്ക് മുന്നിൽ തളരാതെ സ്വന്തം കാലിൽ നിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ശ്രമം കൂടിയാണ് ഊബർ ഡ്രൈവറായ മദ്ധ്യവയസ്കന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നതെന്നും യുവതി പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *