മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയിലെത്തി എന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വാദം. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ മുമ്പ് വരെയുളള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറിനെ (77) ആണ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ മാക്കുട്ടി റാവുത്തറെ വാര്‍ഡില്‍ നിന്നും കാണാതായിരുന്നു. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇയാള്‍ക്ക് കൂട്ടിരിപ്പുകാര്‍ ഉണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.