ഗസിയാബാദ്: ഭര്‍ത്താവിന്റെ ആറ് കോടിയുടെ ട്രാവല്‍ ഏജന്‍സിയടക്കം എട്ടുകോടിയുടെ സ്വത്ത് അടിച്ചുമാറ്റാന്‍ വ്യവസായിക്ക് ഭാര്യയുടെ സ്ളോ പോയിസണിംഗ്. ആഹാരത്തില്‍ കുറേശ്ശെ ഈയം ചേര്‍ത്ത് രോഗിയാക്കി കൊല്ലാനുള്ള ശ്രമത്തിന് ഭാര്യ അറസ്റ്റിലായി. പണത്തോടുള്ള ആര്‍ത്തിയാണ് പ്രേരിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. നവംബര്‍ 23-ന് ഇന്ദിരാപുരം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇടയ്ക്കിടെ അസുഖബാധിതനാകാന്‍ തുടങ്ങിയതോടെ വ്യവസായി മെഡിക്കല്‍ ചെക്കപ്പിന് വിധേയമായപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 6 കോടി രൂപ വിലമതിക്കുന്ന ട്രാവല്‍ ഏജന്‍സിയും 2 കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് തുകയും സ്വന്തമാക്കാന്‍ ഭാര്യ ഇദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിനായി അവര്‍ തിരഞ്ഞെടുത്തതാകട്ടെ മാരകമായ ലെഡ് ആയിരുന്നു.
രേണു ഭട്നാഗര്‍ എന്ന യുവതിയാണ് പിടിയിലായത്. ഭര്‍ത്താവിനെ മാത്രമല്ല, സ്വന്തം മകനെയും അനന്തരവനെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ഇന്ദിരാപുരം പോലീസ് നവംബര്‍ 23-ന് ഇവരെ അറസ്റ്റ് ചെയ്തു. ഇന്ദിരാപുരം പോലീസ് സ്റ്റേഷന് പരിധിയിലുള്ള വസുന്ധര പ്രദേശവാസിയാണ് സുശീല്‍ കുമാര്‍ ഭട്നാഗര്‍. ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട തോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. മകനും അനന്തരവനും സമാനമായ രീതിയില്‍ അജ്ഞാതമായ അസുഖങ്ങള്‍ വന്നുതുടങ്ങി. ഈ ആരോഗ്യക്ഷയത്തില് സംശയം തോന്നിയതോടെയാണ് സുശീല്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനായത്.
താന്‍ സാവധാനം കൊല്ലപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ സുശീല്‍, തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭാര്യ രേണുവിനും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സെപ്റ്റംബര്‍ 24-ന് പോലീസില്‍ ഔദ്യോഗികമായി പരാതി നല്കി. രണ്ട് മാസത്തിന് ശേഷം നവംബര്‍ 23-ന് ഇന്ദിരാപുരം പോലീസ് രേണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പണത്തോടുള്ള ആര്‍ത്തിയാണ് കൃത്യത്തിന് പിന്നിലെന്ന് രേണു പോലീസിനോട് സമ്മതിച്ചു. 'എന്റെ ഭര്‍ത്താവിന് 5-6 കോടി രൂപ വിലമതിക്കുന്ന മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സിയുണ്ട്. കൂടാതെ ഞാന്‍ മാത്രം നോമിനിയായ 2 കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. അദ്ദേഹം മരിച്ചാല്‍ ഇതെല്ലാം എനിക്ക് സ്വന്തമാകുമെന്ന് ഞാന്‍ മനസ്സിലാക്കി. ആര്‍ത്തി മൂത്ത് അവരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ ഭക്ഷണത്തില്‍ ലെഡ് കലര്‍ത്താന്‍ തുടങ്ങി.' ചോദ്യം ചെയ്യലില്‍ രേണു പറഞ്ഞു.