കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാൻ കാരണമെന്താണെന്ന് ഹൈക്കോടതി. കേസ് എന്താണെന്ന് മനസിലാക്കണം. മൂന്ന് മാസം സസ്‌പെൻഡ് ചെയ്തിട്ടും ഇനിയെന്താണ് മാപ്പ് എന്നും കോടതി ചോദിച്ചു. കാലടി സംസ്‌കൃത സർവകലാശാലയിലെ സസ്‌പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
രണ്ട് എഫ്‌ഐആറുകൾ സർവകലാശാല ഹാജരാക്കി. ഇന്ന് വാദം കേൾക്കുന്നില്ലെങ്കിലും കേസ് എന്താണെന്ന് മനസിലാക്കണം. ഒരു കേസിൽ രണ്ട് എഫ്‌ഐആറുകൾ നിലനിൽക്കുമോ? മൂന്ന് മാസം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ടും ഇനിയെന്തിനാണ് മാപ്പ്. ഇതിനൊക്കെതന്നെ കുട്ടികൾ ബുദ്ധിമുട്ടിക്കഴിഞ്ഞു. 60 ദിവസം കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ. ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. ഇനിയും അരിശം തീർന്നില്ലേയെന്ന കുഞ്ചൻ നമ്പ്യാരുടെ കവിതയും കോടതി ഉദ്ദരിച്ചു.
60 ദിവസം കഴിഞ്ഞില്ലേ? ഇനിയും എന്താണ് ചെയ്യേണ്ടത്? ഹർജിയിൽ മറ്റെന്നാൾ വിശദമായി വാദം കേൾക്കാം. പ്രതിഷേധങ്ങളെ കോടതി പൂർണമായും അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാനാവുന്നതാണെന്ന് പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ചോദിച്ചു.
സസ്‌പെൻഷൻ കാരണം ഇന്റേണൽ അസസ്‌മെന്റുകളും പ്രായോഗിക പരിശീലനവും മുടങ്ങിയതിനാൽ അർഹമായ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചത്. പരീക്ഷ നവംബർ നാലിന് തുടങ്ങിയിരുന്നു. വിഷയം വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതായി വിദ്യാർത്ഥികളുടെ അഭിഭാഷകൻ ടി.എ. ഷാജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.