നെതന്യാഹു പുറത്തേക്ക്‌; ഇസ്രയേലില്‍ ഐസന്‍കോട്ട് സര്‍ക്കാരിന് വഴി തെളിയുന്നു

ജറുസലേം: പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനുശേഷം രാഷ്‌ട്രീയ അനിശ്‌ചിതത്വം നിലനില്‍ക്കുന്ന ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണനീക്കങ്ങളുമായി മുന്‍സൈനികമേധാവി ഗാദി ഐസന്‍കോട്ട്‌ മുന്നോട്ട്‌. കാവല്‍പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അധികാരത്തില്‍നിന്ന്‌ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി, പാര്‍ലമെന്റിലെ പ്രധാനപദവികള്‍ സംബന്ധിച്ച്‌ നാല്‌ പ്രതിപക്ഷകക്ഷി നേതാക്കളുമായി ഐസന്‍കോട്ട്‌ ധാരണയിലെത്തി.

നഫ്‌താലി ബെന്നറ്റ്‌, യായര്‍ ഗോലാന്‍, അവിഗ്‌ദോര്‍ ലിബര്‍മാന്‍, യായര്‍ ലാപിഡ്‌ എന്നിവരുമായുള്ള ചര്‍ച്ചയില്‍ മുന്‍മന്ത്രി മത്താന്‍ കഹാനയെ നെസറ്റ്‌ (ഇസ്രയേല്‍ പാര്‍ലമെന്റ്‌) സ്‌പീക്കര്‍ സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്‌തു. 26-ാം നെസറ്റിലെ പ്രധാനപദവികള്‍ സംബന്ധിച്ച്‌ ധാരണയായതായി ഐസന്‍കോട്ട്‌ 'എക്‌സി'ല്‍ കുറിച്ചു. മൂന്ന്‌ പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവിയും ഇതില്‍ ഉള്‍പ്പെടുന്നു. റോയ്‌ ഫോക്ക്‌മാനെ ഹൗസ്‌ കമ്മിറ്റിയുടെയും മുന്‍പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാനെ വിദേശകാര്യ-പ്രതിരോധസമിതിയുടെയും ലിറാന്‍ അവിസാര്‍ ബെന്‍ഹൊറിനെ ധനകാര്യസമിതിയുടെയും അധ്യക്ഷരായി നിര്‍ദേശിച്ചു. അന്തിമപട്ടിക നെസറ്റിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കും.

'യാഷര്‍' പാര്‍ട്ടി അധ്യക്ഷന്‍ ഗാഡി ഐസന്‍കോട്ടുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ദേശീയ അടിയന്തരാവസ്‌ഥ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രതിബദ്ധത ചര്‍ച്ചചെയ്‌തെന്നും ലാപിഡ്‌ 'എക്‌സി'ല്‍ കുറിച്ചു. കഴിഞ്ഞ എട്ടിനാണ്‌ പ്രസിഡന്റ്‌ ഐസക്‌ ഹെര്‍സോഗ്‌ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യാവസരം ഐസന്‍കോട്ടിന്‌ നല്‍കിയത്‌. കഴിഞ്ഞ 27-ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെയോ നെതന്യാഹുവിന്റെയോ മുന്നണികള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. നിലവില്‍ 67 എം.പിമാര്‍ ഐസന്‍കോട്ടിനെയും 46 എം.പിമാര്‍ നെതന്യാഹുവിനെയും പിന്തുണയ്‌ക്കുന്നതായാണ്‌ പ്രസിഡന്റിന്റെ ഓഫീസ്‌ നല്‍കുന്ന സൂചന. ഐസന്‍കോട്ടിനെ പിന്തുണയ്‌ക്കുന്നവരില്‍ രണ്ട്‌ അറബ്‌ കക്ഷികളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന്‌ 28 ദിവസം സാവകാശമുണ്ട്‌. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കാന്‍ പ്രസിഡന്റിന്‌ അധികാരമുണ്ട്‌.

സ്വന്തം പാര്‍ട്ടിയായ യാഷര്‍ ഉള്‍പ്പെടെ ഐസന്‍കോട്ടിന്റെ ചതുര്‍കക്ഷി സഖ്യത്തിന്‌ നെസറ്റില്‍ 48 സീറ്റുണ്ട്‌. 21 സീറ്റുകളുമായി യാഷര്‍ നെസറ്റിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്‌. നെതന്യാഹുവിന്റെ ലിക്കുഡ്‌ പാര്‍ട്ടി 27 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്‌. നെതന്യാഹുവിന്റെ തീവ്രദേശീയമുന്നണിക്ക്‌ 53 സീറ്റുണ്ട്‌. 120 അംഗ നെസറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത്‌ 61 എം.പിമാരുടെ പിന്തുണ വേണം. സര്‍ക്കാര്‍ രൂപീകരണത്തില്‍ അറബ്‌ പാര്‍ട്ടികള്‍ നിര്‍ണായകപങ്ക്‌ വഹിക്കുമെന്നാണ്‌ സൂചന. ഐസന്‍കോട്ടിനെ പിന്തുണയ്‌ക്കുന്ന രണ്ട്‌ അറബ്‌ കക്ഷികള്‍ ഇത്തവണ റെക്കോഡ്‌ വിജയമാണ്‌ നേടിയത്‌. നെതന്യാഹു സര്‍ക്കാരിനെതിരേ ഇസ്രയേലിലെ അറബ്‌ ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ രോഷമാണ്‌ ഈ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. എത്രയും വേഗം ഒരു വിശാലസര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അസാധാരണ രാഷ്‌ട്രീയനീക്കങ്ങള്‍ക്കു തയാറാണെന്ന്‌ ഐസന്‍കോട്ട്‌ വ്യക്‌തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *