മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം സീൻ. സൂര്യയെ കൂടാതെ നസ്റിയ, നസ്ലിൻ, ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രം ബോക്സോഫീസിലും വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത നാല് ദിവസം കഴിയുമ്പോൾ 147 കോടി രൂപയാണ് ചിത്രം ആഗേള തലത്തിൽ കളക്ഷൻ നേടിയതെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ സീൻ കണ്ടതിന് പിന്നാലെ സംവിധായകൻ അറ്റ്ലി പങ്കുവച്ച അഭിപ്രായങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രത്യേകിച്ച് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലിന്റെ പ്രകടനത്തെക്കുറിച്ചുള്ള അറ്റ്ലിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. നസ്ലിൻ അതിശയിപ്പിക്കുന്ന പ്രകടനശേഷിയുള്ള അഭിനേതാവാണെന്നാണ് അറ്റ്ലിയുടെ വിലയിരുത്തൽ. മികച്ച സ്ക്രീൻ പ്രെസൻസുള്ള താരമാണ് നസ്ലിനെന്നും ഭാവിയിൽ ഒരു സൂപ്പർസ്റ്റാറായി അദ്ദേഹം മാറുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറ്റ്ലി കുറിച്ചു.
നായകൻ സൂര്യയുടെ പ്രകടനത്തെയും അറ്റ്ലി പ്രത്യേകം പരാമർശിച്ചു. ഡിഎസ്പി ഇൻബരാജ് എന്ന കഥാപാത്രത്തിന് താരം നൽകിയ മികവ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണെന്നാണ് അറ്റ്ലി പറയുന്നു. താരത്തിന്റെ ആറ്റിട്യൂടും ആക്ഷൻ രംഗങ്ങളും സ്ക്രീൻ പ്രസൻസും ഏറെ ശ്രദ്ധേയമാണെന്നും അറ്റ്ലി ചൂണ്ടിക്കാട്ടി.
മായയായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയ നസ്റിയയെയും സംവിധായകൻ അഭിനന്ദിച്ചു. സ്വാഭാവികമായ അഭിനയശൈലിയും ഭാവപ്രകടനങ്ങളും കഥാപാത്രത്തെ കൂടുതൽ മനോഹരമാക്കിയെന്നും അറ്റ്ലി വ്യക്തമാക്കി. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം ചിത്രത്തിന്റെ അവതരണത്തെയും സാങ്കേതിക മികവിനെയും അദ്ദേഹം പ്രശംസിച്ചു. ഡാർക്ക് കോമഡി കൈകാര്യം ചെയ്ത രീതി, സുഷിൻ ശ്യാമിന്റെ സംഗീതം എന്നിവയും സിനിമയുടെ ആസ്വാദനമികവ് ഉയർത്തിയ ഘടകങ്ങളാണെന്ന് അറ്റ്ലി കൂട്ടിച്ചേർത്തു.